Cricket

‘ആരാധകരെ ശാന്തരാകുവിൻ’; നായകനായി ജയിച്ചു തുടങ്ങി സഞ്‌ജു, ന്യൂസിലന്‍ഡ് എ യ്‌ക്കെതിരെ ജയം

ഇന്ത്യ എ ടീം നായകനായുള്ള ആദ്യം മത്സരം ജയത്തോടെ തുടങ്ങി സഞ്ജു സാംസൺ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ അനൗദ്യോഗിക ഏകദിന മത്സരത്തിൽ ന്യൂസിലൻഡ് എയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. കീവികൾ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31.5 ഓവറിൽ അനായാസം മറികടന്നു.

ഇന്ത്യൻ താരങ്ങളുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ഇന്ത്യ എയ്ക്ക് വേണ്ടി ബൗളർമാർ ആദ്യം തകർപ്പൻ പ്രകടനം നടത്തിയപ്പോൾ ബാറ്റ്‌സ്മാൻമാരും തങ്ങളുടെ കരുത്ത് പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് 167 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മറുപടിയുമായി ഇറങ്ങിയ ഇന്ത്യ-എ ടീമിന് ലക്ഷ്യത്തിലെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് 41 നേടിയപ്പോൾ, രജത് പാട്ടീദാർ പുറത്താകാതെ 45 റൺസ് നേടി ടീമിനെ 31.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തിച്ചു.

നായകൻ സഞ്‌ജു 32 പന്തിൽ പുറത്താവാതെ 29 റൺസ് എടുത്ത് വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കീവികളുടെ തുടക്കം മോശമായിരുന്നു. സ്‌കോർ 14-ൽ നിൽക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് എത്തിയ ആരെയും നിലയുറപ്പിക്കാൻ ഇന്ത്യ അനുവദിച്ചില്ല. 27 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ട്ടപ്പെട്ടു. ഷാര്‍ദുല്‍ ഠാക്കൂറും കുൽദീപ് സെന്നും ആദ്യ എട്ട് ഓവറിൽ തന്നെ സന്ദർശക ടീമിനെ കടുത്ത സമ്മർദ്ദത്തിലാക്കി. പവർപ്ലേയിൽ 40 റൺസാണ് കീവീസ് നേടിയത്.

ന്യൂസിലൻഡ് എയ്ക്ക് വേണ്ടി എട്ടാം സ്ഥാനത്തു ബാറ്റ് ചെയ്യാനെത്തിയ മൈക്കൽ റിപ്പൺ 61 റൺസിന്റെ തകർപ്പൻ ഇന്നിംഗ്‌സ് പുറത്തെടുത്തു. ഷാർദുൽ ഠാക്കൂര്‍ 32 റൺസ് വഴങ്ങി 4 വിക്കറ്റും കുൽദീപ് സെൻ 30 റൺസ് വഴങ്ങി 3 വിക്കറ്റും വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റ് നേടി. നായകനായി കൂടി കഴിവ് തെളിയിച്ചു തുടങ്ങുന്നതോടെ ഇന്ത്യൻ ടീമിലേക്കുള്ള സഞ്‌ജുവിന്റെ വരവ് അധികം വൈകില്ല എന്ന് കരുതുന്ന ആരാധകരും കുറവല്ല.