ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏതൊരു ഇന്ത്യക്കാരന്റേയും ആവേശമാണ്. പതിനഞ്ചാം വയസില്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ച സച്ചിന്‍ 1989 നവംബര്‍ 15 നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ തേരോട്ടം തന്നെയായിരുന്നു സച്ചിന്.
ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍… അനുപമമായ ബാറ്റിങ്ങും, കളിയോട് 100 ശതമാനം ആത്മാര്‍ത്ഥതയും കളിക്കളത്തിന് പുറത്തെ മാന്യമായ പെരുമാറ്റവും… ക്രിക്കറ്റ് ദൈവം ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇങ്ങനെ… ലോക ക്രിക്കറ്റ് പ്രേമികള്‍ക്ക് രണ്ടര പതിറ്റാണ്ടോളം കളി വിരുന്ന് നല്‍കിയ സച്ചിന്‍ രമേശ് തെന്‍ഡുല്‍ക്കര്‍. സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ പേടി സ്വപ്നങ്ങളില്‍ ഇടം പിടിച്ച മറ്റൊരു ക്രിക്കറ്റ് താരം ഉണ്ടാകില്ല. ആഭ്യന്തരക്രിക്കറ്റിലൂടെ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. 1989 ല്‍ പാകിസ്താനെതിരായ ടെസ്റ്റിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
ആദ്യ മത്സരത്തില്‍ സച്ചിന് തിളങ്ങാനായില്ലെന്ന് മാത്രമല്ല അന്ന് പാക്കിസ്താന് വേണ്ടി അരങ്ങേറ്റം കുറിച്ച വഖാർ യൂനിസിന്റെ പന്തില്‍ പുറത്താകുകയും ചെയ്തു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ ഏവരുടേയും ശ്രദ്ധ ക്ഷണിച്ചു. ഇമ്രാന്‍ ഖാനേയും വസീം അക്രത്തേയും പോലെയുളള പരിചയസമ്പന്നരായ ബൗളര്‍മാരെ കൗമാരക്കാരനായ സച്ചിന്‍ ഏറെ ക്ഷമയോടെയാണ് ക്രീസില്‍ നേരിട്ടത്. അന്ന് അദ്ദേഹം 172 പന്തില്‍ 59 റണ്‍സ് എടുത്തു. അവസാന ടെസ്റ്റിലും സച്ചിന്‍ അര്‍ധസെഞ്ച്വറി നേടി. പിന്നെ 200 ടെസ്റ്റ് മത്സരങ്ങള്‍, 463 ഏകദിനങ്ങള്. ക്രീസില്‍ സച്ചിന്‍ തീര്‍ത്ത വിസ്മയത്തില്‍ ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയും 100 സെഞ്ച്വറികളും. ഏകദിനത്തില്‍ ആദ്യമായി 200 എന്ന മാന്ത്രികസംഖ്യ കടന്നതും മറ്റാരുമല്ല. രാജ്യാന്തരക്രിക്കറ്റിലെ 30,000 റണ്‍സുമടക്കം എഴുതിച്ചേര്‍ത്തത് ഏക്കാലത്തെയും മികച്ച റെക്കോര്‍ഡുകള്‍. ഒടുവില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ 2011 ലെ ഏകദിന ലോകകപ്പും.
ഇന്ത്യ ആദ്യമായി ഏകദിനത്തില്‍ 300 ലേറെ റണ്‍സ് നേടിയത് 1996 ല്‍ ഷാര്‍ജയില്‍ പാകിസ്താനെതിരെയായിരുന്നു. സച്ചിന്റെ സെഞ്ച്വറിയായിരുന്നു മത്സരത്തിലെ രണ്ടാമത്തെ പ്രത്യേകത. ഉയര്‍ന്ന് കേള്‍ക്കുന്ന സച്ചിന്‍ എന്ന ആര്‍പ്പുവിളി ക്രിക്കറ്റ് ലോകത്തിന്റെ വികാരമായിരുന്നു. 24 വര്‍ഷത്തെ ക്രിക്കറ്റ് യാത്രയുടെ വിജയ പൂര്‍ണമായ പര്യവസാനം ക്രിക്കറ്റ് ലോകത്തെ തന്നെ തന്റെ കാല്‍ക്കീഴില്‍ ഒതുക്കി എന്നത് തന്നെയാണ്. രാജ്യത്തെ പരമോന്നത ബഹുമതികളും സച്ചിന്‍ തന്റെ സ്വന്തമാക്കി.
സച്ചിന്‍ എന്ന വികാരം ഇന്ത്യ കളിക്കളത്തില്‍ ആവേശമായി ഇന്നും നിലനില്‍ക്കുന്നു. ഒരു താരത്തിന് രാജ്യത്തിനും ക്രിക്കറ്റ് ലോകത്തിനും നല്‍കാന്‍ പറ്റാവുന്നതിന്റെ പരമാവധി നല്‍കിയാണ് സച്ചിന്‍ ക്രീസ് വിട്ടത്. 2013ല്‍ ഹോം ഗ്രൌണ്ടായ വാങ്കടയില്‍ വിരമിക്കല്‍ മത്സരം പൂര്‍ത്തിയാക്കി സച്ചിന്‍ ക്രീസ് വിട്ടെങ്കിലും നിറഞ്ഞ ഗ്യാലറികള്‍ ഇന്നും ആര്‍ത്തുവിളിക്കുന്നു. അതേ ഇതിഹാസങ്ങള്‍ക്ക് വിരാമമില്ല…