Cricket Sports

ഹിറ്റ്മാൻ തന്നെ നയിക്കും; ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ജയ് ഷാ

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ ജയ് ഷാ. ടീമിനെ രോഹിത് ശർമ തന്നെ നയിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി. 2024 ട്വന്റി 20 ലോകകപ്പിലെ ഫൈനലിൽ ഇന്ത്യൻ ടീം രോഹിത് ശർമയുടെ കീഴിൽ കപ്പുയർത്തുമെന്ന് അദ്ദേ​ഹം പറഞ്ഞു.കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം.

തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയിൽ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നെങ്കിലും നമ്മൾ ഒരുപാട് ഹൃദയങ്ങൾ കീഴടക്കിയെന്ന് ജയ് ഷാ പറഞ്ഞു. ടീമിനെ ഹ‍ർദ്ദിക്ക് പാണ്ഡ്യയാകും നയിക്കുകയെന്ന ഊഹപോഹങ്ങൾ നിലനിൽക്കെയായിരുന്നു ക്യാപ്റ്റനായി രോഹിത് ശർമ തന്നെ ടീമിനെ നയിക്കുമെന്ന പ്രഖ്യാപനം എത്തുന്നത്.

2023 ജനുവരി മുതൽ ഇന്ത്യൻ ടി 20 സംഘത്തെ നയിച്ചുവന്നത് പാണ്ഡ്യയായിരുന്നു. ഇക്കഴിഞ്ഞ അഫ്ഗാനെതിരായ മത്സരത്തിലൂടെയാണ് രോഹിത് വീണ്ടും ടി 20 യിലും നായക സ്ഥാനത്തേക്ക് തിരികെയെത്തിയത്. 20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങളാണുള്ളത്. ജൂൺ 1ന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം.

ഗ്രൂപ്പ് എയിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്താൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുമുള്ളത്. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ മത്സരം. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 9ന് ഇന്ത്യ – പാക്കിസ്താൻ പോരാട്ടം ന്യൂയോർക്കിൽ നടക്കും.