Cricket Sports

ഒമിക്രോൺ വ്യാപനം; രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്തതാണ് തീരുമാനം. ഇതോടെ രഞ്ജി ട്രോഫിക്കുമേല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് കൊവിഡ് മഹാമാരി. രാജ്യത്തെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ്‍ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് രഞ്ജി ട്രോഫി. അടുത്തിടെ ഐ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണും നീട്ടിവയ്ക്കാന്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.