Cricket Sports

രഞ്ജി ട്രോഫി: രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും; കേരളത്തിന് പടുകൂറ്റൻ സ്കോർ

രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് പടുകൂറ്റൻ സ്കോർ. രണ്ടം ദിനം കളി അവസാനിപ്പിക്കുമ്പോൾ കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 454 റൺസെടുത്തു. 147 റൺസെടുത്ത് പൊന്നം രാഹുൽ കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ രോഹൻ എസ് കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (76 നോട്ടൗട്ട്), സച്ചിൻ ബേബി (56) എന്നിവരും കേരളത്തിനായി തിളങ്ങി. മേഘാലയക്കായി ചിരാഗ് ഖുറാന മൂന്ന് വിക്കറ്റ് വീഴ്ത്തി. (ranji trophy kerala innings)

148 റൺസിന് മേഘാലയയെ ഓൾഔട്ടാക്കിയ കേരളം തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണർമാരായ പൊന്നം രാഹുലും രോഹൻ എസ് കുന്നുമ്മലും ചേർന്ന് 201 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി കേരളത്തിന് ഗംഭീര തുടക്കം നൽകി. ജലജ് സക്സേന (10), വിഷ്ണു വിനോദ് (4) എന്നിവരൊക്കെ വേഗം മടങ്ങിയെങ്കിലും ക്യാപ്റ്റൻ സച്ചിൻ ബേബിയും യുവതാരം വത്സൽ ഗോവിന്ദും ചേർന്ന് കേരളത്തെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. സിജോമോൻ ജോസഫ് (21), ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ (11), ബേസിൽ തമ്പി (8) എന്നിവരൊക്കെ വേഗം പുറത്തായെങ്കിലും ഒരു വശത്ത് ഉറച്ചുനിന്ന വത്സൽ കേരളത്തെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു.