Cricket Sports

പേര് വന്ന വഴി അങ്ങനെയല്ല; രച്ചിൻ രവീന്ദ്രയുടെ പേരിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി പിതാവ്

ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ന്യൂസിലൻഡ് ഓപ്പണർ രച്ചിൻ രവീന്ദ്ര. ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന് ഇന്ത്യയിലെ ആരാധകർക്കും കുറവില്ല. ലോകകപ്പിലെ താരത്തിന്റെ മികച്ച പ്രകടനം പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ താരത്തിന്റെ പേര് സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു. രച്ചിൻ എന്ന പേര് നൽകിയത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കറിന്റെയും പേരിൽ നിന്നാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം.

എന്നാൽ പ്രചരണം വ്യാപകമായതോടെ പിതാവ് രവി കൃഷ്ണ മൂർത്തി മകന്റെ പേര് വന്ന വഴി വ്യക്തമാക്കിയിരിക്കുകയാണ്. രാഹുൽ ദ്രാവിഡിന്റെ ആദ്യ അക്ഷരമായ രാ യും സച്ചിൻ ടെണ്ടുൽക്കറിന്റെ ആദ്യ പേരിലെ രണ്ടക്ഷരങ്ങളും കൂട്ടിചേർത്താണ് രച്ചിൻ എന്ന് പേര് നൽകിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ന‍ടന്ന പ്രചരണം. ഈ പ്രചരണം തള്ളിയാണ് രവികൃഷ്ണ മൂർത്തി രം​ഗത്തെത്തിയിത്.

‘രച്ചിൻ ജനിച്ചപ്പോൾ ഭാര്യയാണ് പേര് നിർദേശിച്ചത്. പേര് നല്ലതായതിനാലും വിളിക്കാൻ എളുപ്പമായതിനാലും മറ്റൊരു പേരും ചർച്ചചെയ്യൻ ഞങ്ങൾ നിന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് രാഹുലിന്റെയും സച്ചിന്റെയും പേരുകൾ കൂടിച്ചേർന്നതാണ് മകന്റെ പേരെന്ന്. എന്നാൽ ഞങ്ങൾ മകൻ ക്രിക്കറ്റ് കളിക്കാരനാകണമെന്നോ മറ്റെന്തെങ്കിലും ആകണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ആ പേര് നൽകിയത്’ പിതാവ് രവി കൃഷ്ണമൂർത്തി പറയുന്നു. 1999 നവംബർ 18 ന് വെല്ലിംഗ്ടണിൽ രച്ചിൻ ജനിച്ചത്. പിതാവ് രവി കൃഷ്ണമൂർത്തി 1990-കളിൽ ന്യൂസിലൻഡിലേക്ക് കുടിയേറുകയായിരുന്നു.

രച്ചിൻ മൂന്ന് ടെസ്റ്റുകളും 21 ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ദേശീയ ടീമിലെത്തുന്നതിന് മുമ്പ് അണ്ടർ -19, ന്യൂസിലൻഡ് എ ടീമുകളിൽ കളിച്ചു. ഈ ലോകകപ്പിൽ 9 മത്സരങ്ങളിൽ നിന്നായി 565 റൺസ് നേടിയ താരം ടോപ്‌സ്‌കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. മൂന്നു സെഞ്ച്വറികൾ ഉൾപ്പെടെയാണ് പട്ടികയിൽ താരം ഇടം നേടിയത്. 25 വയസിനിടെ ഏറ്റവും കൂടുതൽ ലോകകപ്പ് റൺസടിക്കുന്ന താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു. സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡായിരുന്നു താരം മറികടന്നത്.