Cricket Sports

തോല്‍വി വേദനയുണ്ടാക്കിയെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി

ലോകകപ്പിലെ ന്യൂസിലാന്റിന്റെ തോൽവിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി ജസിൻഡ ആർഡൻ. ആവേശകരമായ മത്സരത്തിനൊടുവിലുണ്ടായ പരാജയം തനിക്ക് വലിയ ആഘാതമാണുണ്ടാക്കിയതെന്ന് ആർഡൻ പറഞ്ഞു. രാജ്യത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ പലരും പറയുന്നു ന്യൂസിലാന്റ് മത്സരം തോറ്റെങ്കിലും, ഹൃദയങ്ങൾ കീഴടക്കി എന്ന്. എല്ലാ ന്യൂസിലാന്റുകാരെയും പോലെ മത്സര ശേഷം വേദന തോന്നിയതായും മാധ്യമങ്ങളോട് ജസിൻഡ ആർഡൻ പറഞ്ഞു. എന്നാൽ മത്സര ഫലം എന്തുതന്നെ ആയിരുന്നാലും, മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീം അഭിമാനകരമാണ്. ഓരോ ന്യൂസിലാന്റുകാർക്കും അത് അപ്രകാരം തന്നെയായിരിക്കുമെന്നും ആർഡൻ കൂട്ടിച്ചേർത്തു.

കിവീസ് ടീമിന് അഭിനന്ദനമറിയിച്ചു കൊണ്ട് ബ്രിട്ടീഷ് രാജ കുടുംബവും ട്വീറ്റ് ചെയ്തു. റണ്ണറപ്പുകളായ ടീമിന് ആശംസ അറിയിച്ചു കൊണ്ടുള്ള രാജ്ഞിയുടെ ട്വീറ്റാണ് പുറത്ത് വന്നത്. 50 ഓവർ മത്സരത്തിലും, തുടർന്നുണ്ടായ സൂപ്പർ ഓവറിലും സമനിലയിൽ കലാശിച്ച പോരാട്ടത്തിൽ, സാങ്കേതിക നിയമത്തിന്റെ വെളിച്ചത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.