Cricket Sports

വിന്‍ഡീസിനെ എറിഞ്ഞിട്ട് ശ്രീലങ്ക

ജയപരാജയങ്ങൾ ഇരുഭാഗങ്ങളിലേക്കും മാറി മറിഞ്ഞ മത്സരത്തിനൊടുവിൽ വെസ്റ്റ് ഇൻഡീസിനെ 23 റൺസിന് തോൽപ്പിച്ച് ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിൻഡീസിന് നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 315 റൺസെടുക്കാനെ സാധിച്ചുള്ളു. സെഞ്ച്വറി നേടിയ ശ്രീലങ്കയുടെ അവിശ്ക ഫെർണാണ്ടോ ആണ് കളിയിലെ താരം.

വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പുരാൻ (118) സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചെങ്കിലും, വാലറ്റം പെട്ടെന്ന് കൂടാരം കയറുകയും, അവസാന ഓവറുകളിൽ റൺ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയുമായിരുന്നു. 51 റൺസുമായി ഫാബിയൻ അല്ലൻ പുരാന് പിന്തുണ നൽകി. ക്രിസ് ഗെയിൽ 35 റൺസും നായകൻ ജെയ്സൻ ഹോൾഡർ 26 റൺസുമെടുത്ത് പുറത്തായി.

അവസാന ഓവറുകളിൽ ബൗളിങ്ങിലും ഫീൽഡിങ്ങിലും മികവ് പുലർത്തിയാണ് തോല്‍ക്കുമെന്ന ഘട്ടത്തില്‍ നിന്നും ലങ്ക വെസ്റ്റ് ഇൻ‍ഡീസിനെ പൂട്ടിയത്. ലസിത് മലിങ്ക മൂന്ന് വിക്കറ്റ് എടുത്തു. കുശൻ രജിത, വൻഡെർസ, എയ്ഞ്ചലോ മാത്യൂസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ അവിശ്ക ഫെർണാണ്ടോയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ലങ്കൻ സ്കോർ മുന്നൂറ് കടന്നത്. 103 പന്തുകളിൽ നിന്നും 9 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 104 റൺ‍സാണ് ഫെർണാണ്ടോ നേടിയത്. ഓപ്പണർമാരായ നായകൻ കരുണരത്നയും (32) കുശാൽ പെരേരയും (64) ചേർന്ന് 93 റൺസിന്റെ മികച്ച തുടക്കമാണ് ഒന്നാം വിക്കറ്റിൽ ലങ്കക്ക് നല്‍കിയത്. കുശാൽ മെൻഡിസ് 39 റൺസെടുത്തു. ലാഹിരു തിരിമന്നെ 45 റൺസെടുത്ത് പുറത്താകാതെ നിന്നു.

വിൻഡീസിനായി ജെയ്സൻ ഹോൾഡർ രണ്ട് വിക്കറ്റ് വീഴ്ത്തി. കോട്ട്റെൽ, ഒഷാൻ തോമസ്, ഫാബിയൻ അല്ലൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.