Cricket Sports

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് തോൽവി; പരമ്പര സമനിലയിൽ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയിൽ. എഡ്ജ്ബാസ്റ്റണിൽ നടന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് നേടിയ 269 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് 378 റൺസ് വിജയലക്ഷ്യം മറികടക്കാൻ ആതിഥേയരെ സഹായിച്ചത്. പരമ്പരയിൽ 23 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് പ്ലെയർ ഓഫ് ദി സീരീസ്.

3 വിക്കറ്റിന് 259 എന്ന സ്‌കോറിൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി, റൂട്ടും ബെയർസ്റ്റോയും ചേർന്ന് അതിവേഗം റൺസ് നേടുകയായിരുന്നു. ഇരുവരും മലപോലെ ഉറച്ചതോടെ അവസാന ദിനം വിക്കറ്റ് നേടാൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ജോ റൂട്ട് പുറത്താകാതെ 142 റൺസും, ജോണി ബെയർസ്റ്റോ 114 റൺസും നേടി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് നേടിയ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണിത്.

2019-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 359 റൺസ് വിജയമാണ് ഇംഗ്ലണ്ടിൻ്റെ മുൻകാല റെക്കോർഡ്. ഇംഗ്ലീഷ് മണ്ണിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചേസാണിത്, ടെസ്റ്റിലെ ഏറ്റവും ഉയർന്ന എട്ടാമത്തെ ചേസിംഗ്. ഇന്ത്യയ്‌ക്കെതിരെ ഒരു ടീം നടത്തുന്ന ഏറ്റവും ഉയർന്ന ചേസ് കൂടിയാണിത്. തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഒരു ടീം 250-ലധികം സ്‌കോർ പിന്തുടരുന്നത് ഇതാദ്യമാണ്. അഞ്ചാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-2ന് അവസാനിപ്പിച്ചു.