Cricket Sports

അർഷ്ദീപിന് അഞ്ച് വിക്കറ്റ്, അരങ്ങേറ്റത്തിൽ ഫിഫ്റ്റിയടിച്ച് സായ് സുദർശൻ; ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക ജയം. 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 116 റൺസിനൊതുക്കിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളിംഗിൽ അർഷ്ദീപ് സിംഗ് അഞ്ചും ആവേശ് ഖാൻ നാലും വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാറ്റിംഗിൽ ശ്രേയാസ് അയ്യരും സായ് സുദർശനും ഫിഫ്റ്റി നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ തകർത്തെറിഞ്ഞു. മുകേഷ് കുമാർ തല്ലുവാങ്ങിയെങ്കിലും ആദ്യ നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് ഓർഡർ തകർത്തു. റീസ ഹെൻറിക്സ് (0), വാൻ ഡർ ഡസ്സൻ (0), ടോണി ഡി സോർസി (28), ഹെന്രിച് ക്ലാസൻ (6) എന്നിവരെയാണ് അർഷ്ദീപ് ആദ്യം വീഴ്ത്തിയത്. മുകേഷ് കുമാറിനു പകരം ആവേശ് ഖാൻ എത്തിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തുടരെ വിക്കറ്റ് നഷ്ടമായി. എയ്ഡൻ മാർക്രം (12), വ്യാൻ മുൾഡർ (0), ഡേവിഡ് മില്ലർ (2), കേശവ് മഹാരാജ് (4) എന്നിവരെ ആവേശ് പുറത്താക്കിയതോടെ പ്രോട്ടീസ് 8 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലേക്ക് വീണു. എട്ടാം നമ്പറിൽ ആൻഡൈൽ പെഹ്‌ലുക്ക്‌വായോ (33) നടത്തിയ ചെറുത്തുനിൽപാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. പെഹ്‌ലുക്ക്‌വായോയെ പുറത്താക്കി അർഷ്ദീപ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. നന്ദ്രേ ബർഗറിനെ (7) വീഴ്ത്തി കുൽദീപ് യാദവ് ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ചെയ്തു.

മറുപടി ബാംറ്റിഗിൽ ഋതുരാജ് ഗെയ്ക്‌വാദ് (5) വേഗം മടങ്ങിയെങ്കിലും നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് തുടങ്ങിയ അരങ്ങേറ്റക്കാരൻ സായ് സുദർശൻ തകർപ്പൻ ഫോമിലായിരുന്നു. മൂന്നാം നമ്പറിൽ ശ്രേയാസ് അയ്യരും ഉറച്ചുനിന്നതോടെ ഇന്ത്യ അനായാസം കുതിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ 52 റൺസ് നേടി അയ്യർ പുറത്തായെങ്കിലും 55 റൺസ് നേടി പുറത്താവാതെ നിന്ന സായ് സുദർശൻ ഇന്ത്യൻ വിജയം എളുപ്പമാക്കുകയായിരുന്നു.