Cricket Sports

ഇന്ത്യ – വിന്‍ഡീസ് ട്വന്റി 20; 57 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു

ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പനക്ക് മികച്ച പ്രതികരണം. ഇതിനകം 57 ശതമാനത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഡിസംബര്‍ എട്ടിനാണ് മത്സരം.

ടിക്കറ്റ് വില്‍പ്പന തുടങ്ങി രണ്ടു ദിവസത്തിനുള്ളിലാണ് 57 ശതമാനം ടിക്കറ്റുകളും വിറ്റുപോയത്. മലയാളി താരം സഞ്ജു വി സാംസണും പരന്പരക്കുള്ള ടീമിലിടം പിടിച്ചതോടെ ആരാധകരുടെ പ്രതീക്ഷയും ആവേശവും ഇരട്ടിയായത് ടിക്കറ്റ് വില്‍പനയെയും സ്വാധീനിച്ചിട്ടുണ്ട്. ആകെ 32000 ടിക്കറ്റുകളാണ് കാണികള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഓണ്‍ലൈനായാണ് വില്‍പന.

കെ.സി.എ വെബ്സൈറ്റിലെ ലിങ്ക് വഴിയും പേ.ടി.എം ആപ്പ്, പേ.ടി.എം ഇന്‍സൈഡര്‍, പേ.ടി.എം വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ വാങ്ങാം. 1000, 2000, 3000, 5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്. മത്സരത്തിന്റെ അമ്പയര്‍മാരെയും ഐ.സി.സി പ്രഖ്യാപിച്ചു. മുന്‍ ആസ്‌ട്രേലിയന്‍ താരം ഡേവിഡ് ബൂണാണ് മാച്ച് റഫറി‍. അനില്‍ ചൗധരി, നന്ദന്‍, നിഥിന്‍ മേനോന്‍, സി ഷംസുദ്ദീന്‍ എന്നിവരാണ് അന്പയര്‍മാര്‍.