Cricket Sports

ഇന്ത്യയെ സെമി ശാപം വീണ്ടും പിടികൂടുമോ? കണ്ണിലെ കരാടായി കിവീസ് വീണ്ടും എതിരാളികളാകുമ്പോൾ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് സെമിയിലെ തടസമായി ന്യൂസിലൻഡ് വീണ്ടും എത്തുമ്പോൾ അത്ര എളുമാകില്ല വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തിൽ കിവീസ് വീണ്ടും എതിരാളിയാകുമ്പോൾ വിജയം നേടുക എന്നത് മികച്ച ഫോമിലുള്ള ഇന്ത്യൻ ടീമിന് എളുമാകില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2019 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് തടയിട്ടത് ന്യൂസിലൻഡായിരുന്നു. ഇത്തവണ 2019ന്റെ ആവർത്തനമാകുമോ അതോ ‘സെമി ശാപം’ അതിജീവിക്കാൻ ഇന്ത്യയ്ക്കാകുമോ എന്നതാണ് ആരാധകരുടെ ആകാംഷ. ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ വിജയത്തിൽ മുൻതൂക്കം കിവീസിനൊപ്പമാണ്. 10 മത്സരങ്ങളിൽ അഞ്ചു ജയങ്ങൾ ന്യൂസിലൻഡ് നേടിയിട്ടുണ്ട്. ഈ ലോകകപ്പിലടക്കം ഇന്ത്യ ജയിച്ചത് നാലു കളികളിലാണ്.

2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരെ വിജയം നേടാൻ ഇന്ത്യയ്ക്ക് 2023വരെ കാത്തിരിക്കേണ്ടി വന്നു. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യതയ്ക്ക് തടയിട്ടതും കിവീസായിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇതുവരെ കിവീസിനെ മറികടക്കാനായിട്ടില്ല. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റമുട്ടിയപ്പോഴും ഇന്ത്യ കിവീസിന് മുന്നിൽ തോൽവിയുടെ രുചിയറിഞ്ഞു.

ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യ പലവട്ടം ന്യൂസിലൻഡിനെതിരെ വിജയം നേടിയിട്ടുണ്ടെങ്കിലും ഐസിസി ടൂർണമെൻറുകളിൽ ഇന്ത്യക്ക് കിവീസിന് മുന്നിൽ കാലിടറുന്ന പതിവ് ഈ ലോകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ രോഹിതിന്റെ നേതൃത്വത്തിൽ ബ്രേക്ക് ചെയ്തെങ്കിലും നോക്കൗട്ടിൽ കിവീസ് കല്ലുകടിയാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്..