Cricket Sports

‘ജയിച്ചേ മതിയാകൂ’; ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി-20 ഇന്ന്

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാജ്ക്കോട്ടില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.

ഡല്‍ഹിയില്‍ ആദ്യ മത്സരം കൈവിട്ട ഇന്ത്യക്ക് തിരിച്ചുവരണം. അത് ബൌളിങ്ങായാലും ബാറ്റിങ്ങായാലും ഫീല്‍ഡിങ്ങായാലും. ദുര്‍ബലമായിരുന്നു ഇന്ത്യന്‍ നിര കഴിഞ്ഞ മത്സരത്തില്‍. ബംഗ്ലാദേശിനെ ദുര്‍ബലരായി കണ്ടതും തിരിച്ചടിയായി. രോഹിത്-ധവാന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടിലാണ് പ്രതീക്ഷ. മധ്യനിരയിലും ആക്രമണ ബാറ്റിങ് വേണം.

സഞ്ജുവിനെ ഇന്ന് പരിഗണിക്കുമോ എന്ന് കണ്ടറിയണം. മൂന്നാം നമ്പറില്‍ സഞ്ജുവോ ലോകേഷ് രാഹുലോ വരും. ഖലീല്‍ അഹമ്മദിനെ ഇന്ന് കളിപ്പിക്കുമെന്നതില്‍ തീര്‍ച്ചയില്ല. മറുവശത്ത് ഇന്ത്യയെ ആദ്യമായി ടി-20യില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. ഇന്ന് ജയിച്ചാല്‍ അത് അവര്‍ക്കൊരു ചരിത്ര പരമ്പരയുമാകും. മഹ്മൂദുള്ള എന്ന നായകനും മുഷ്ഫിഖര്‍ റഹീമും ടീമിന്റെ ശക്തിയാണ്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ വലിയ മാറ്റം ഉണ്ടാകാനിടയില്ല.