Cricket Sports

2022ലെ ഐസിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം നായകൻ, 2 ഇന്ത്യൻ താരങ്ങളും ടീമിൽ

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാക്ക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം രണ്ട് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ഈ ടീമിൽ ഇടം ലഭിച്ചിട്ടുള്ളൂ.

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമാണ് ഈ വർഷത്തെ പുരുഷ ഏകദിന ടീമിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡും ആദം സാമ്പയും ടീമിൽ ഉണ്ട്. ന്യൂസിലൻഡ് താരങ്ങളായ ടോം ലാഥം, ട്രെന്റ് ബോൾട്ട് എന്നിവരും ടീമിൽ ഇടം നേടിയി.

കഴിഞ്ഞ വർഷം പാകിസ്താൻ ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ബാബർ അവിസ്മരണീയനായിരുന്നു. മൂന്ന് ഏകദിന പരമ്പരകൾ പാകിസ്താൻ സ്വന്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരെ 9 ഏകദിനങ്ങളിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയിലെ ഈ പ്രകടനമാണ് ബാബർ ഐസിസി ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിച്ചത്.

ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്‌സ്മാൻ ബാബർ അസം കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് നടത്തിയത്. 2022ൽ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 84.87 എന്ന മികച്ച ശരാശരിയിൽ 679 റൺസ് അദ്ദേഹം നേടി. എട്ട് അർദ്ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ശ്രേയസ് അയ്യർ. കലണ്ടർ വർഷത്തിൽ 17 മത്സരങ്ങളിൽ നിന്ന് 55 ശരാശരിയിൽ 724 റൺസ് നേടി. ഒരു സെഞ്ചുറിയും 6 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.