Cricket Sports

ഇരട്ട പദവി: രാഹുല്‍ ദ്രാവിഡിന് വീണ്ടും ബി.സി.സി.ഐയുടെ നോട്ടീസ്

ഇരട്ട പദവി വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയുമായ രാഹുല്‍ ദ്രാവിഡിന് ബി.സി.സി.ഐയുടെ നോട്ടീസ്. ബി.സി.സി.ഐ എത്തിക്‌സ് ഓഫീസറായ ഡി.കെ ജെയിനാണ് നവംമ്പര്‍ 12 ന് ബി.സി.സി.ഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് നോട്ടീസ് നല്‍കിയത്. ബി.സി.സി.ഐയുടെ ഭരണഘടന പ്രകാരം ഒരേ സമയം ഒരാള്‍ക്ക് രണ്ടു പദവികള്‍ വഹിക്കാനാവില്ല. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ ദ്രാവിഡിനോട് വിശദീകരണം തേടിയത്. ഇത് രണ്ടാം തവണയാണ് ദ്രാവിഡിന് ബി.സി.സി.ഐ നോട്ടീസയക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ വിഷയത്തില്‍ ബി.സി.സി.ഐ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. ‘ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ’ എന്നാണ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അന്ന് പ്രതികരിച്ച്. ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമകളാണ് ഇന്ത്യ സിമന്റ്‌സ്.