Entertainment

വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പെപ്പെ

തമിഴകത്തെ ഇളയദളപതി വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ പെപ്പെ എന്ന അന്‍റണി വര്‍ഗീസ്. വിജയ് അഭിനയിക്കുന്ന 64ാമത്തെ ചിത്രമായതിനാല്‍ ദളപതി 64 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് ആൻഡ്രിയ ജെറമിയായണ്. ആൻഡ്രിയ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

കൈദി, മനഗരം എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 64. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൈദി മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. അതേസമയം വിജയ് നായകനായി എത്തിയ അവസാന ചിത്രം ബിഗിൽ റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ 100 കോടി കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയിരുന്നു. നയൻതാരയാണ് ചിത്രത്തിൽ വിജയ് യുടെ നായികയായി വേഷമിട്ടത്. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടാണ് ആന്‍റണി വര്‍ഗീസ് അഭിനയിച്ച അവസാന ചിത്രം.