Cricket Sports

സിംബാബ്‌വേക്കെതിരായ പരമ്പര കൂറ്റന്‍ ജയത്തോടെ തൂത്തുവാരി ബംഗ്ലാദേശ്

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര 3-0ത്തിന് ബംഗ്ലാദേശ് തൂത്തുവാരി. മഴ തടസപ്പെടുത്തിയ മൂന്നാം ഏകദിനം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 123 റണ്‍സിനാണ് ബംഗ്ലാദേശ് വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറില്‍ 322 റണ്‍സെടുത്തു. മറുപടിയില്‍ സിംബാബ്‌വെ 37.3 ഓവറില്‍ 218 റണ്‍സിന് എല്ലാവരും പുറത്തായി. ലിറ്റണ്‍ ദാസിന്റെയും (176) തമിം ഇക്ബാലിന്റെയും (128*) സെഞ്ച്വറികളാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് കളിയിലെ താരമായപ്പോള്‍ തമിം ഇക്ബാല്‍ പരമ്പരയിലെ താരമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. 292 റണ്‍സാണ് ഓപണിംങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ലിറ്റണ്‍ ദാസ് 143 പന്തില്‍ 176 റണ്‍ നേടി പുറത്തായി. 16 ഫോറും എട്ട് സിക്‌സുമാണ് ലിറ്റണ്‍ ദാസ് അടിച്ചെടുത്തത്. പുറത്താകാതെ നിന്ന തമിം(128) ഏഴ് ഫോറും ആറ് സിക്‌സും നേടി.

മറുപടിക്കിറങ്ങി സിംബാബ്‌വെക്കു വേണ്ടി സിക്കന്തര്‍ റാസ (61) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. 50 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു റാസയുടെ പ്രകടനം. ക്യാപ്റ്റന്‍ സീന്‍ വില്യംസ് (30), വെസ്ലി മദവീര (42) റെഗിസ് ചക്കാബാവ (34) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ബ്രണ്ടന്‍ ടെയ്‌ലര്‍ (14) നിരാശപ്പെടുത്തി.

ബംഗ്ലാദേശിനുവേണ്ടി മൊഹമ്മദ് സെയ്ഫുദ്ദീന്‍ 6.3 ഓവറില്‍ 41 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തി. തയ്ജുല്‍ ഇസ്ലാം രണ്ടും അഫീഫ് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മഷറഫെ മൊര്‍ത്താസ എന്നിവര്‍ ഓരോ വിക്കറ്റു വീതം നേടി.