Cricket Sports

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോര്; ശ്രീലങ്കയ്ക്ക് എതിരാളി ബംഗ്ലാദേശ്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോര്. ബ്രിസ്റ്റോളില്‍ ശ്രീലങ്കയും അട്ടിമറി വീരന്മാരായ ബംഗ്ലാദേശും തമ്മിലാണ് മത്സരം. പരിക്കേറ്റ ബൗളര്‍ നുവാന്‍ പ്രദീപില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നത്.

മൂന്ന് മത്സരങ്ങള്‍, ന്യൂസിലാന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. അഫ്ഗാനിസ്താനെതിരെ ജയം. പാകിസ്താനുമായുള്ള മത്സരം ഉപേക്ഷിച്ചു, മൂന്ന് പോയിന്റ്, ഇതാണ് ശ്രീലങ്ക.

ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് തുടക്കം, ന്യൂസിലന്റിനെ വിറപ്പിച്ചു, ഇംഗ്ലണ്ടിനോട് ആയുധം വച്ച് കീഴടങ്ങി, 2 പോയിന്റ്, ഇത്രയുമാണ് ഈ ലോകകപ്പില്‍ ഇതുവരെയുള്ള ബംഗ്ലാദേശ്. ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്റെ മികവാണ് ബംഗ്ലാ കടുവകളുടെ കരുത്ത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമുണ്ട് ഷാക്കിബിന്റെ അക്കൗണ്ടില്‍. മുഷ്ഫിഖുര്‍ റഹീമിനെയും വിശ്വാസിക്കാം, ബൗളിങ് നിര കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ ബംഗ്ലാദേശിനെ പേടിക്കണം.

അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റെടുത്ത നുവാന്‍ പ്രദീപില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നത്, മലിംഗയുടെ പ്രഹര ശേഷി കുറഞ്ഞിട്ടില്ല, പക്ഷെ ബാറ്റിങ് ആണ് ദ്വീപുകാരെ അലോസരപ്പെടുത്തുന്നത്. മധ്യനിര ചീട്ടുകൊട്ടാരത്തിന് സമാനമാണ്. ഒടുവില്‍ ഏഷ്യാകപ്പില്‍ പരസ്പരം കണ്ടപ്പോള്‍ നേരിട്ട വന്‍ തോല്‍വിയും ലങ്കയെ അലട്ടും.