Cricket Sports

ആഷസ് ശോഭയില്‍ ഓസീസ്

നാലാം ടെസ്റ്റില്‍ നേടിയ 185 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ആഷസ് പരന്പര ആസ്ട്രേലിയ സ്വന്തമാക്കി. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ട്രേലിയ ആഷസ് പരന്പര നിലനിര്‍ത്തുന്നത്. രണ്ടാം ഇന്നിങ്സില്‍ 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 197 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജോ ഡെന്‍ലി 53 റണ്‍സും ജോസ് ബട്ട്‍ലര്‍ 34 റണ്‍സും നേടി.

ജോസ് ബട്ട്‍ലര്‍ – ക്രൈയ്ഗ് ഓവര്‍ടണ്‍ കൂട്ടുകെട്ടാണ് മത്സരം അവസാന സെഷനിലേക്ക് എത്തിച്ചത്. 105 പന്തില്‍ നിന്ന് 21 റണ്‍സാണ് ക്രൈയ്ഗ് ഓവര്‍ടണ്‍ എടുത്തത്. രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ റോബര്‍ട്ട് ബേന്‍സും ജോ റൂട്ടുമാണ് കമ്മിന്‍സിന് കീഴടങ്ങിയത്. മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ആദ്യ ഇന്നിങ്സില്‍ ആസ്ട്രേലിയ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. 2001-ലാണ് ആസ്ട്രേലിയ അവസാനമായി ആഷസ് നിലനിര്‍ത്തിയത്.