Football Sports

ന്യൂക്യാമ്പില്‍ ‘യുവന്‍റസിന്‍റെ പ്രതികാരം’; ബാഴ്സയെ പിന്‍തള്ളി പട്ടികയില്‍ ഒന്നാമത്

ചാമ്പ്യന്‍സ് ലീഗിൽ ബാഴ്സിലോണക്കെതിരെ തകർപ്പൻ ജയവുമായി യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിൽ ബാഴ്സയെ മറികടന്ന് യുവന്റസ് ഒന്നാം സ്ഥാനത്തെത്തി.

കളിയുടെ തുടക്കം മുതല്‍ തന്നെ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ യുവന്‍റസിനായിരുന്നു. തുടക്കത്തില്‍ തന്നെ ഹൈ പ്രസിങ്ങും അഗ്രസീവ് അറ്റാക്കിങ്ങും കൊണ്ട് ഇറ്റാലിയന്‍ ക്ലബ് കളം നിറഞ്ഞിരുന്നു. അപ്പോഴാണ് പതിനഞ്ചാം മിനുറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. ആദ്യ ഗോള്‍ റൊണാള്‍ഡോയുടെ വക.

ഒട്ടും വൈകിയില്ല, ഇരുപതാം മിനുറ്റില്‍ വെസ്റ്റൺ മക്കെന്നിയിലൂടെ രണ്ടാം ഗോള്‍. കളിയുടെ താളം തെറ്റിക്കാനും ബാഴ്സലോണയെ സമ്മര്‍ദ്ദത്തിലാക്കാനും യുവന്‍റസിന് അത് ധാരാളമായിരുന്നു. പിന്നീടെല്ലാം യുവന്‍റസിന് എളുപ്പമായിരുന്നു. പൊസഷന്‍ ബാഴ്സക്ക് വിട്ടുകൊടുത്തുകൊണ്ട് കൌണ്ടര്‍ അറ്റാക്കിന് തക്കം പാര്‍ത്തിരിക്കുകയായിരുന്നു യുവന്‍റസ് ചെയ്തത്. ഈ സമയം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും പൂര്‍ണതയിലേക്കെത്തിക്കാന്‍ മെസിക്കും കൂട്ടര്‍ക്കുമായില്ല.

അമ്പത്തിരണ്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെത്തന്നെ റൊണാള്‍ഡോ മറ്റൊരു ഗോള്‍ കൂടി നേടിയപ്പോള്‍ യുവന്‍റസ് ന്യൂ ക്യാമ്പില്‍ ജയമുറപ്പിക്കുകയായിരുന്നു. അഗ്രിഗേറ്റ് 3-2 എന്ന സ്കോറിലാക്കി സ്വന്തം മണ്ണിലെ തോല്‍വിക്ക് അവര്‍ കണക്ക് പറഞ്ഞ് പ്രതികാരം ചെയ്തു. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയുടെ ആദ്യ തോല്‍വി.