Entertainment Movies

ഉള്‍ട്ടയിലെ വ്യത്യസ്ത ഗാനം കാണാം

ഗോകുല്‍ സുരേഷ് പ്രധാനവേഷത്തിലെത്തുന്ന ‘ഉള്‍ട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ വ്യത്യസ്ത പരിചരണത്തിലുള്ള ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. സകലസ്ഥലവും പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തെ നേരെ തലതിരിച്ച് സ്ത്രീയാധിപത്യത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഉള്‍ട്ടയിലെ ഗാനം. പത്രമിട്ടും കമന്റടിച്ചും ജീവിക്കുന്ന സ്ത്രീകളും പാത്രം കഴുകിയും അടിച്ചുവാരിയും നടക്കുന്ന പുരുഷന്‍മാരും അത് കൊണ്ട് തന്നെ രസകരമായ കാഴ്ച്ചാ അനുഭവമാണ് സമ്മാനിക്കുന്നത്. വടക്കന്‍ കേരളത്തിലെ പൂരപ്പാട്ടിനോട് സാമ്യമുള്ള ഗാനത്തിന്റെ അകമ്പടിയോടെ ചിത്രീകരിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സുദര്‍ശനാണ് സംഗീതസംവിധാനം. വരികള്‍ കെ കുഞ്ഞികൃഷ്ണന്‍.

മന്ത്രികുമാരന്‍, മേഘസന്ദേശം, ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം, കോളേജ് കുമാരന്‍, തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സുരേഷ് പൊതുവാള്‍ ആണ് ഉള്‍ട്ട സംവിധാനം ചെയ്യുന്നത്. സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാനം ചിത്രം കൂടിയാണിത്. ഒരു മെക്സിക്കന്‍ അപാരതക്ക് ക്യാമറ ചലിപ്പിച്ച പ്രകാശ് വേലായുധനാണ് ഉള്‍ട്ടയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

ഗോകുല്‍ സുരേഷിനെ കൂടാതെ പ്രയാഗമാര്‍ട്ടിന്‍, അനുശ്രീ, രമേശ് പിഷാരടി, ജാഫര്‍ ഇടുക്കി, തെസ്‌നി ഖാന്‍, സുരഭി, സുബി സുധീഷ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.