Football Sports

കേരള ബ്ലാസ്റ്റേഴ്സ് സ്പോൺസറായി ബൈജൂസ് തുടരും

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം പതിപ്പിലും കേരള ബ്ലാസ്റ്റേഴ്സിൻ്റെ ടൈറ്റിൽ സ്പോൺസറായി പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് തുടരും. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ സീസൺ കൂടി ബൈജൂസ് തുടരുമെന്നറിയിച്ചത്. കഴിഞ്ഞ സീസണിലാണ് മുത്തൂറ്റിനു പകരം ബൈജൂസ് ബ്ലാസ്റ്റേഴ്സിൻ്റെ ടൈറ്റിൽ സ്പോൺസറായത്. ലോകത്തിലെ ഏറ്റവും വലിയ എഡ് ടെക് കമ്പനിയായ ബൈജൂസ് ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെയും പ്രധാന സ്പോൺസർ. (byjus blasters isl sponsor)

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം ഇന്നലെ പുറത്തുവന്നു. ഡിസംബർ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബർ 9ന് സീസൺ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകൾ തന്നെയാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം 9.30നാണ്. നവംബർ 27ന് കൊൽക്കത്ത ഡെർബി നടക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി 22ആം തിയതിയാണ് ആദ്യ മത്സരം നടക്കുക. എഫ്സി ഗോവയാണ് മുംബൈയുടെ എതിരാളികൾ.

നവംബർ 25ന് നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിടും. 28ന് ബെംഗളൂരു എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം ഡിസംബർ അഞ്ചിനാണ്. ഒഡീഷ എഫ്സിയാണ് എതിരാളികൾ. ഡിസംബർ 12ന് ഈസ്റ്റ് ബംഗാൾ, 19ന് മുംബൈ സിറ്റി, 22ന് ചെന്നൈയിൻ, 26ന് ജംഷഡ്പൂർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറ്റ് മത്സരങ്ങളിലെ എതിരാളികൾ.

അതേസമയം, ഡ്യൂറൻഡ് കപ്പിൽ ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. പെനല്‍റ്റി കിക്ക് വഴി അഡ്രിയാന്‍ ലൂണ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയത്.

ഇരു ടീമുകള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മുന്നില്‍. ബ്ലാസ്റ്റേഴ്സിന്‍റെ കെ പ്രശാന്തിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്.