Football Sports

മുംബൈയെ ഞെട്ടിച്ച് ബെംഗളൂരു; ചാമ്പ്യന്മാരുടെ തോൽവി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്

ചാമ്പ്യന്മാരായ മുംബൈ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും അവർക്ക് വിജയിക്കാനായില്ല. ഇന്ന് ബെംഗളൂവിനെതിരെ കനത്ത തോൽവിയാണ് മുംബൈ വഴങ്ങിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബെംഗളൂരുവിൻ്റെ ജയം. ബെംഗളൂരുവിനായി പ്രിൻസ് ഇബാറ ഇരട്ടഗോൾ നേടിയപ്പോൾ ഡാനിഷ് ഫാറൂഖ് ഭട്ട് ഒരു ഗോൾ നേടി. ഗോളുകളെല്ലാം ആദ്യ പകുതിയിലായിരുന്നു.

കളിയുടെ എട്ടാം മിനിട്ടിൽ തന്നെ ബെംഗളൂരു ലീഡെടുത്തു. ഫാറൂഖ് ഭട്ടിൻ്റെ ഒരു തകർപ്പൻ സ്ട്രൈക്ക് മുംബൈ ഗോളിയെ മറികടന്നു. 23ആം മിനിട്ടിൽ ബെംഗളൂരു അടുത്ത വെടിപൊട്ടിച്ചു. ഒരു ഹെഡറിലൂടെയായിരുന്നു ഇബാറയുടെ ആദ്യ ഗോൾ. 45ആം മിനിട്ടിൽ സമാന രീതിയിൽ ഇബാറ രണ്ടാം ഗോളും നേടി.

ചെന്നൈയിൻ എഫ്സിക്കെതിരെ ഡിസംബർ 15നാണ് മുംബൈ അവസാനമായി വിജയിച്ചത്. 19ന് ബ്ലാസ്റ്റേഴ്സിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റതോടെ അവരുടെ കഷ്ടകാലം തുടങ്ങി. അടുത്ത കളിയിൽ നോർത്തീസ്റ്റിനെതിരെ 3-3 എന്ന സ്കോറിൽ സമനില വഴങ്ങിയ മുംബൈ അടുത്ത കളി ഒഡീഷയോട് രണ്ടിനെതിരെ 4 ഗോളുകൾക്ക് കീഴടങ്ങി. ഈസ്റ്റ് ബംഗാളിനെതിരെ ഗോൾരഹിത സമനില വഴങ്ങിയാണ് ചാമ്പ്യന്മാർ ഇന്നത്തെ കളിക്കെത്തിയത്.

10 മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള മുംബൈ സിറ്റിക്ക് 11 മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റാണ് ഇപ്പോൾ ഉള്ളത്. ബെംഗളൂരു 13 പോയിന്റുമായി ഏഴാം സ്ഥാനത്ത് എത്തി.