Football Sports

വീഡിയോ ഗെയിം കളിച്ച് നേരംവെളുപ്പിക്കും, പരിശീലനത്തിന് സ്ഥിരമായി വൈകിയെത്തും: സൂപ്പർതാരത്തിന്റെ അച്ചടക്കമില്ലായ്മയിൽ മനംമടുത്ത് ബാഴ്‌സ

പ്രൊഫഷണൽ കായികതാരങ്ങൾക്ക് പ്രാഥമികമായി വേണ്ട ഗുണങ്ങളിലൊന്ന് അച്ചടക്കമാണ്. പ്രതിഭ എത്രയുണ്ടെങ്കിലും അച്ചടക്കത്തോടെയുള്ള ജീവിതമില്ലെങ്കിൽ കരിയറിൽ എവിടെയുമെത്തില്ല എന്നതിന് നിരവധി താരങ്ങളുടെ തകർന്ന കളിജീവിതങ്ങൾ സാക്ഷി. സചിൻ ടെണ്ടുൽക്കർ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ മിന്നുംതാരങ്ങളുടെ വിജയത്തിൽ അച്ചടക്കത്തോടെയുള്ള കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്.

ചെറിയ പ്രായത്തിൽ തന്നെ പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഉന്നതങ്ങളിലെത്തിയിട്ടും സ്വന്തം ദുശ്ശീലങ്ങൾ കൊണ്ട് കരിയർ നശിപ്പിക്കുന്ന ഒരു കളിക്കാരനെ കൊണ്ട് കുടുങ്ങിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ. രാത്രി വൈകുേേവാളം വീഡിയോ ഗെയിം കളിച്ചും വെബ് സീരീസുകൾ കണ്ടും നേരംകൊല്ലുക, രാവിലത്തെ പരിശീലന സെഷന് വൈകിയെത്തുക, ടീമിന്റെ ഭക്ഷണക്രമം പാലിക്കാതെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ മാത്രം കഴിക്കുക എന്നിങ്ങനെ നീണ്ടുപോകുന്നു 105 ദശലക്ഷം യൂറോ എന്ന ഭീമൻ തുകയ്ക്ക് ടീമിലെത്തിയ താരത്തിന്റെ ദുശ്ശീലങ്ങൾ.

താരം മറ്റാരുമല്ല, മുന്നേറ്റനിരയിലെ സുപ്രധാന സാന്നിധ്യമായ ഉസ്മാൻ ഡെംബലെ തന്നെ. നെയ്മർ ക്ലബ്ബ് വിട്ടപ്പോൾ ബൊറുഷ്യ ഡോട്മുണ്ടിൽ നിന്ന് റെക്കോർഡ് തുക നൽകി ബാഴ്‌സ സ്വന്തമാക്കിയ താരം കളിക്കളത്തിലെ പ്രകടനം കൊണ്ട് പ്രശംസ പിടിച്ചുപറ്റി. എന്നാൽ, മറ്റ് ടീമംഗങ്ങളെപ്പോലെ കൃത്യസമയത്ത് ഉറങ്ങാനോ പരിശീലനത്തിന് നേരത്തെ എത്താനോ ഫ്രഞ്ച് താരം തയ്യാറാവുന്നില്ല എന്നാണ് ബാക്ക്‌റൂം സ്റ്റാഫിന്റെ പരാതി. ഭക്ഷണക്രമം ശരിയാക്കാൻ വേണ്ടി ഡെംബലെക്ക് സ്വന്തമായി ഒരു ഷെഫിനെ തന്നെ ബാഴ്‌സ നൽകിയെങ്കിലും കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി ഇല്ല എന്നാണ് ക്ലബ്ബ് വിലയിരുത്തുന്നത്. ഡെംബലെക്ക് ഇടക്കിടെ പരിക്കേൽക്കാൻ കാരണം പരിശീലനത്തിനും ആരോഗ്യപരിപാലനത്തിലും ടീം നൽകുന്ന ഉപദേശങ്ങൾ പാലിക്കാത്തതു കൊണ്ടാണെന്ന് വിമർശനമുണ്ട്.

അച്ചടക്കമില്ലായ്മ അധികമായപ്പോൾ കോച്ച് ഏണസ്റ്റോ വൽവെർദെയും ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബർതൊമ്യുവും 22-കാരനായ താരത്തെ നേരിൽക്കണ്ട് സംസാരിച്ചു. ജീവിതശൈലിയിൽ മാറ്റംവരുത്താമെന്ന് ഡെംബലെ ഉറപ്പുനൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല എന്നാണറിയുന്നത്. അതിനിടെ, കഴിഞ്ഞയാഴ്ച സെവിയ്യയുമായുള്ള മത്സരത്തിൽ ഡെംബലെ അനാവശ്യമായി ചുവപ്പു കാർഡ് വാങ്ങിയത് ടീമിൽ മൊത്തത്തിൽ അതൃപ്തിക്ക് കാരണമാവുകയും ചെയ്തു.

സൂപ്പർ താരവും ടീം ക്യാപ്ടനുമായ ലയണൽ മെസ്സിയുടെ പിന്തുണയുള്ളതു കൊണ്ടുമാത്രമാണ് മാനേജ്‌മെന്റ് ഡെംബലെക്കെതിരെ വലിയ നടപടികൾക്ക് മുതിരാത്തത് എന്നാണ് സൂചന. അതിനിടെ, താരത്തെ ‘നേരെയാക്കാൻ’ ക്ലബ്ബ് ഡെംബലെയുടെ ഏജന്റായ മൂസ സിസോക്കോയെ വിളിച്ചുവരുത്തിയിരിക്കുകയാണ്. സിസോക്കോയെ നേരിൽക്കണ്ട് ബർതൊമ്യു തന്നെയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഫ്രഞ്ചുകാരനായ സിസോക്കോ കുറച്ചുനാൾ ബാഴ്‌സലോണ നഗരത്തിൽ ഡെംബലെക്കൊപ്പമായിരിക്കും താമസിക്കുക. ഡെംബലെയുടെ ദൈനംദിന ജീവിതം ശരിയായ ട്രാക്കിലെത്തിക്കാൻ സിസോക്കോക്ക് കഴിയുമെന്നാണ് ബാഴ്‌സ മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.