Football Sports

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; പരിക്കേറ്റ സച്ചിൻ സുരേഷ് ദീർഘനാളത്തേക്ക് പുറത്ത്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. താരം ദീർഘനാളത്തേക്ക് ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ട്. 2023-24 ഐഎസ്എൽ സീസൺ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും.

ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത്. ത്സരത്തിൻ്റെ ആദ്യ പകുതിയിൽ സച്ചിൻ എതിരാളിയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ മലയാളി ഗോൾകീപ്പറെ സ്‌ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിൻ്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.

സച്ചിൻ്റെ പരിക്കിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഫുട്ബോൾ കളിക്കാരെ സംബന്ധിച്ചിടത്തോളം, തോളിലെ പരിക്കുകൾ ഭേദമാകാൻ സമയമെടുക്കും. ഗോൾ കീപ്പറായ സച്ചിന് കൂടുതൽ വിശ്രമം ആവശ്യമാണ്. യുവ ഗോൾകീപ്പർ സച്ചിൻ സുരേഷ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഒഡീഷ എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനുമെതിരെ പെനാൽറ്റി കിക്കുകൾ തടഞ്ഞ് ടീമിൻ്റെ ഹീറോയാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. പരിക്ക് മൂലം സച്ചിൻ സുരേഷ് സീസണിന് പുറത്താണെങ്കിൽ, ശേഷിക്കുന്ന മത്സരങ്ങളിൽ കരഞ്ജിത്ത് ടീമിൻ്റെ പ്രധാന ഗോൾകീപ്പറായിരിക്കും. ലാറ ശർമ്മയാണ് ടീമിലെ മറ്റൊരു പ്രധാന ഗോൾകീപ്പർ. സീസണിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന് പരിക്ക് വില്ലനായി മാറിയിരുന്നു. നേരത്തെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയേയും, ക്വാമി പെപ്രയേയും പരിക്ക് മൂലം ടീമിന് നഷ്ടമായി.