Football Sports

അവസാന മത്സരത്തിലും സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് ഴ്സ്

ഐ.എസ്.എല്‍ അവസാന മത്സരത്തിലും വിജയം കാണാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. 10 പേരായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഒരു ഗോള്‍ പോലും നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് താരം ഗുര്‍വീന്ദര്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ബോക്‌സിന് തൊട്ടുവെളിയില്‍ മത്തേയ് പോപ്ലാറ്റ്‌നിക്കിനെ വീഴ്ത്തിയതിന് റഫറി ഗുര്‍വീന്ദറിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. അതോടെ ഗിരിക് കോസ്ലയെ പിന്‍വലിച്ച് ലാല്‍റെംപുവിയ ഫനായെ നോര്‍ത്ത് ഈസ്റ്റ് കളത്തിലിറക്കി.

നോര്‍ത്ത് ഈസ്റ്റ് 10 പേരായി ചുരുങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കയറിയെങ്കിലും ഗോളൊന്നും കണ്ടെത്താനായില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ലഭിച്ച അവസരം ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റ് കേരളത്തെ ഞെട്ടിച്ചു. ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ സമയോജിതമായ ഇടപെടലാണ് കേരളത്തെ രക്ഷിച്ചത്.

ഇതോടെ 18 മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബ്ലാസ്റ്റേഴ്‌സിന്റെ ഒമ്പതാം സമനിലയായിരുന്നു വെള്ളിയാഴ്ചത്തേത്. 29 പോയന്റോടെ നോര്‍ത്ത് ഈസ്റ്റ് നാലാമതെത്തി.