Association Cultural Entertainment Pravasi Switzerland

സ്വിസ്സ് മലയാളീ മ്യൂസിക് ഒരുക്കിയ “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുപ്പാട്ടിലൂടെ മനം നിറഞ്ഞു മലയാളി മനസ്സ് ..

കൊറോണക്കാലമായതിനാൽ പുറത്തിറങ്ങാതെ ജനങ്ങൾ വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുകയാണ്. ഇതിനിടെ പ്രധാന ദിവസങ്ങളെല്ലാം ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ കടന്നു പോകുന്നു . സംഗീതത്തിലൂടെയും വാക്കുകളിലൂടെയും ഈസ്റ്റർ ,വിഷുദിന ആശംസകൾ നേരുവാനല്ലാതെ മലയാളിക്ക് എന്തുചെയ്യാൻ … ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ എന്ന് എല്ലാവരും പരസ്‌പരം ആശംസിക്കുമ്പോഴാണ് മനസ്സിൽ കുളിർ മഴയായി ഈ വിഷു നാളിൽ സ്വിസ്സ് മലയാളീ മ്യൂസിക് “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുഗാനം മനസ്സുനിറയെ പൂക്കാലം നിറച്ചു സംഗീതാസ്വാദകർക്കായി എത്തിച്ചിരിക്കുന്നത് ..

ഓണം കഴിഞ്ഞാല്‍ കേരളത്തിലെ സുപ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. ഹൈന്ദവമായ ആചാരമാണെങ്കിലും ഈ സന്ദര്‍ഭത്തിന് മറ്റു പല സവിശേഷതകളും ഉണ്ട്. പ്രാചീനകാലത്ത് വിഷു ദിനമാണ് കേരളത്തിന്‍റെ വര്‍ഷാരംഭ ദിനമായി കണക്കാക്കിയിരുന്നത്. പിന്നീടാണ് കൊല്ലവര്‍ഷത്തിന് ആ സ്ഥാനം ലഭിച്ചതും. എല്ലാ വര്‍ഷവും മേടമാസം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. ജ്യോതിശ്ശാസ്ത്രപരമായും ഈ ദിവസത്തിന് ഏറെ പ്രാധാന്യം ഉണ്ട്. വിഷു സംക്രമ വേളയിലാണ് രാത്രിയുടെയും പകലിന്‍റെയും സമയ ദൈര്‍ഘ്യം തുല്യമായി വരുന്നത്. മലയാളിക്ക് ഇത് വിളവെടുപ്പിന്‍റെ അവസരം കൂടിയാണ്. ഏറെക്കാലത്തെ അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ട് കേരളീയരുടെ അറകളും മനസ്സുകളും നിറയുന്ന ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്‍റെയും അസുലഭ സന്ദര്‍ഭം കൂടി ആണിത്.

വിഷുവിനെ വരവേല്‍ക്കാന്‍ പ്രകൃതി പോലും അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാഴ്ച കേരളത്തില്‍ നമുക്ക് കാണാന്‍ കഴിയും. പൂത്തു തളിര്‍ത്തു നില്‍ക്കുന്ന വുക്ഷലതാദികള്‍ പകര്‍ന്നു നല്‍കുന്ന സൗന്ദര്യവും സൗരഭ്യവും അനുപമമാണ്. മംഗള സൂചകമായ മഞ്ഞനിറത്തിലുള്ള കൊന്നപ്പൂക്കള്‍ക്ക് വിഷുദിനത്തില്‍ പ്രത്യേക പ്രാധാന്യം ഉണ്ട്. വിഷുക്കണിക്ക് വേണ്ടി ഉപയോഗിയ്ക്കുന്ന പുഷ്പം ആയതിനാല്‍ ”കണിക്കൊന്ന” എന്ന പേരില്‍ ആണല്ലോ ഈ പൂക്കള്‍ അറിയപ്പെടുന്നത്.

ഓണക്കാലം പോലെത്തന്നെ വിഷുവിനെയും മലയാളത്തിന്റെ ഗാനരചയിതാക്കൾ ആഘോഷിച്ചിട്ടുണ്ട്. പ്രിയതമയെ കണിക്കൊന്നയോട് ഉപമിച്ചും പാട്ടുകൾ പിറന്നു. വിഷുപ്പക്ഷിയും കണിക്കൊന്നയുമെല്ലാം ചേർന്ന് പാട്ടുകളിൽ ഓർമകളുടെ ആഘോഷം ഒരുക്കി നൽകുന്നതാണ്‌ വിഷു,ഓരോ കാലത്തേയും അടയാളപ്പെടുത്താൻ പാട്ടുകൾ നമുക്ക് കൂട്ടുവന്നിട്ടുണ്ട്. ഋതുപ്പകർച്ചയിൽ വ്യത്യസ്തഭാവങ്ങളിൽ പൂത്തും തളിർത്തും പിന്നെ തളർന്നും നിൽക്കുന്ന പ്രകൃതിയെ ആ രീതിയിൽ അടയാളപ്പെടുത്തുന്ന മികച്ച ഗാനങ്ങൾ.

ആ കൂട്ടത്തിൽ കാലഗതിയിൽ പ്രകൃതിയോട് ചേർന്നുവന്ന മാറ്റങ്ങളിൽ ഉൾച്ചേർന്ന് നമുക്കുമുന്നിലെത്തിയവയാണ് വിഷുപ്പാട്ടുകൾ. സൂര്യൻ മീനം രാശിയിൽനിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സംക്രമദിനമാണ് വിഷു. ഇക്കാലത്ത് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുടെ വാങ്മയചിത്രങ്ങൾ നമുക്ക് മുന്നിൽ വരച്ചിട്ടത് പ്രതിഭാധനരായ എഴുത്തുകാരാണ്.

വിഷുവിന്റെ ആഘോഷങ്ങളും കണിയും വിഷുപ്പക്ഷിയുടെ വരവുമെല്ലാം പ്രതിപാദിക്കുന്ന കുറേ പാട്ടുകൾ മലയാളത്തിൽ പിറന്നിട്ടുണ്ട്. വിഷുവെന്നാൽ ചിലർക്ക് കണ്ണനും കണിയുമാണ്. മറ്റുചിലർക്ക് സന്തോഷപൂർണമായ ഓർമകളിലേക്കും നാടാകെ ഒത്തുചേരുന്ന ആഘോഷങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്കും. വിഷുക്കാലത്തിന്റെ ഓർമകളിലേക്കൂർന്നിറങ്ങാൻ ആസ്വാദകനെ സഹായിക്കുന്ന പാട്ടുകളുടെ വലിയശേഖരം മലയാളത്തിന് സ്വന്തമാണ് ..

വിഷു ഗാനങ്ങളുടെ മഹനീയ ശേഖരത്തിലേക്കു സ്വിസ്സ് മലയാളീ മ്യൂസിക് ഒരുക്കിയ കണിക്കൊന്ന പൊന്നും ചാർത്തി എന്ന ഗാനവും ചേർക്കപ്പെടുകയാണ് ..സംഗീതത്തിലൂടെ ആരാധക മനസ്സില്‍ തരംഗം സൃഷ്ടിച്ച അതുല്യ പ്രതിഭ…. ചെറുപ്പത്തില്‍ തന്നെ സംഗീത രംഗത്തേക്ക് കടന്നുവന്ന് അറിയപ്പെടുന്ന ഗായകനായും സംഗീത സംവിധായകനായും മാറിയ സ്വിസ്സ് ബാബു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബാബു പുല്ലേലിയാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് . മലയാളത്തിൽ കൂടാതെ മറ്റു ഭാഷകളിലും ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. അവയെല്ലാം തന്നെ ആസ്വാദക മനസ്സില്‍ ഇടം നല്‍കിയവയുമാണ്.

കുന്നും പുഴയും മഴയും കാവും നിലാവും പാടവും നാട്ടുവഴികളും നാട്ടറിവുകളും ജീവിതപരിസ്ഥിതിയുടെ ഭാഗമായിരുന്ന ഒരു നല്ല കാലത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ വിശേഷിപ്പിക്കുന്ന പ്രകൃതിയുടെ നാട്ടുതാളത്തില്‍ അഭിരമിക്കുന്ന ഒരു കവിയുടെ തനിഭാവത്തോടുകൂടിയാണ് ശ്രീ ബേബി കാക്കശേരി ഇതിനു വരികൾ രചിച്ചിരിക്കുന്നത് ..

വേറിട്ട സ്വരമാധുരിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായിക അനുഗ്രഹ റാഫിയാണ് കണിക്കൊന്ന പൊന്നും ചാർത്തി ഗാനത്തിന് സ്വരമായും ,അഭിനയമായും ജീവനേകിയതു . മുന്നാമത്തെ വയസ്സുമുതൽ അനുഗ്രഹ സംഗീതം അഭ്യസിക്കാൻ തുടങ്ങി. ഓൾ കേരള ലളിതസംഗീത ഗാനാലാപന മത്സരത്തിൽ അനുഗ്രഹ വിജയിയായിട്ടുണ്ട്. ജയസൂര്യ നായകനായ കുമ്പസാരം എന്ന ചിത്രത്തിൽ വിഷ്ണൂ മോഹൻ സിത്താരയുടെ മ്യൂസിക്കിൽ പാടിക്കൊണ്ടാണ് അനുഗ്രഹ ചലച്ചിത്ര പിന്നണി ഗായികയാകുന്നത്. മലയാളം, തമിഴ്, മറാത്തി, ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ജസ്റ്റിനു വേണ്ടി “വയ്യാവേലി” , ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ “12-സി” തുടങ്ങിയ സിനിമകളിലൊക്കെ അനുഗ്രഹ പാടി. 140 ൽല്പരം ആൽബങ്ങളിൽ ഇതിനോടകം അനുഗ്രഹ പാടിക്കഴിഞ്ഞു.

ഈ ഗാനത്തിന് അതിമനോഹരമായി ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് ജേക്കബ് കൊരട്ടിയാണ്..ബിജു മൂക്കന്നൂർ കോഓർഡിനേഷൻ ചെയ്‌തു ..സിന്ധു സെബാസ്റ്റ്യൻ ഗാനത്തിനുവേണ്ടിയുള്ള കൊറിയോഗ്രാഫി നിർവഹിച്ചു .റിക്കോർഡിങ്ങും മിക്സിങ്ങും ഡെൻസൺ ഡേവിസും ,അനിൽ അനുരാഗും നിർവഹിച്ചു ..മനോരമ മ്യൂസിക്കിലൂടെ പ്രസിദ്ധ സംഗീത സംവിധായകൻ ശ്രീ ദീപക് ദേവ് ഈ മനോഹരഗാനത്തിന്റെ റിലീസിംഗ് നിർവഹിച്ചു …