Entertainment Movies

ഇത് വ്യാജ വാര്‍ത്തയാണ്, വെറുതെ പറഞ്ഞ് പ്രചരിപ്പിക്കാന്‍ വേണ്ടി വാര്‍ത്തയുണ്ടാക്കരുത്

തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വാനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഡി.ക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സിനിമയെ സംബന്ധിച്ച വന്ന അറിയിപ്പ് തെറ്റാണെന്ന് പറഞ്ഞാണ് നടന്‍ ദുല്‍ഖര്‍ ട്വിറ്ററിലൂടെ രംഗത്തുവന്നത്.

‘ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രം വാന്‍ പുതിയ പ്രൊഡ്ക്ഷന്‍ ബാനറില്‍ ആരംഭിക്കും. സംഗീത സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കും മാറ്റമുണ്ട്. നടി കിയാര അദ്വാനിയാണ് പുതിയ നായിക’- ഇതായിരുന്നു ട്വീറ്റ്. ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ പോസ്റ്റിനെതിരെ രംഗത്തുവന്നതോടെ ഡി.ക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

‘ഇത് വ്യാജ വാര്‍ത്തയാണ്. വെറുതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കുകയോ കേട്ടുകേള്‍വി പറഞ്ഞു നടക്കുകയോ ചെയ്യരുത്. ഞാന്‍ ഏതെങ്കിലും പുതിയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം ഞാന്‍ തന്നെ പ്രഖ്യാപിക്കും. തെറ്റായ വാര്‍ത്തകളില്‍ നടീനടന്മാരേയോ സാങ്കേതിക പ്രവര്‍ത്തകരെയോ ദയവായി വലിച്ചിഴക്കുകയോ ടാഗ് ചെയ്യാതിരിക്കുകയോ ചെയ്യണം”- ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.

ദുല്‍ഖര്‍ നായകനാവുന്ന വാന്‍ സിനിമ സംവിധായകന്‍ ആര്‍.എ കാര്‍ത്തികിന്റെ ആദ്യ ചിത്രമാണ്. കല്ല്യാണി പ്രിയദര്‍ശനാണ് വാനില്‍ നായികയായി അഭിനയിക്കുക. റോഡ് മൂവിയായി പുറത്തിറങ്ങുന്ന വാനില്‍ ദുല്‍ഖര്‍ ഒന്നില്‍ കൂടുതല്‍ വേഷങ്ങളിലാകും അഭിനയിക്കുകയെന്നും നാല് നായികമാരുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.