Europe Pravasi Switzerland UK

കലാലയ രാഷ്ട്രീയം ഒരു വിദ്യാർത്ഥിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നു – ഒരു വിചിന്തനം -സി വി എബ്രഹാം

കലാലയങ്ങൾ ദുർഗുണ പാഠശാലകൾ 
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസിലൂടെ അനാവരണം ചെയ്യപ്പെട്ട, കലാലയ രാഷ്ട്രീയത്തിന്റെ ജീർണിച്ചതും അപകടകരവുമായ പ്രവർത്തന ശൈലികൾ മൂലം, ഭാവിസ്വപ്നങ്ങൾ കൈയെത്തും ദൂരത്തു  പിച്ചിച്ചീന്തപ്പെടുന്നതു  കണ്ടു മനം മടുത്ത വിദ്യാർത്ഥികളെ ആത്മഹത്യയിലേക്കു തള്ളി വിടുമ്പോഴും, തങ്ങളുടെ അപ്രമാദിത്വം നിലനിറുത്തത്തുന്നതിനുവേണ്ടി സ്വംന്തം അണികളിൽ പെട്ടവനെ പോലും കൊലചെയ്തു ഭീകരാന്തരീക്ഷം നിലനിറുത്തികൊണ്ട്, വിദ്യാർത്ഥികളെ അടിമകളാക്കി രാഷ്‌ടീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ദുരുപയോഗം ചെയ്യുമ്പോളും,പ്രതിഭാധനരായ വിദ്യാര്ഥികളെപോലും പിന്നിലാക്കിക്കൊണ്ട് സംഘടനാനേതാക്കൾ വളഞ്ഞ വഴികളിലൂടെ P S C യുടെ മത്സരപരീക്ഷകളിൽ വരെ റാങ്കുകൾ നേടി മിടുക്കന്മാർക്കു മാത്രം അർഹതപ്പെട്ട ജോലികൾ, അവരുടെ സാധ്യതകൾക്കു മങ്ങലേല്പിച്ചുകൊണ്ടു കൈപ്പിടിയിലൊതുക്കുമ്പോളും രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളായി അധംപതിച്ച വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇനി വേണ്ടെന്നു വയ്ക്കുന്നതിന് പകരം S F I മാത്രം ആധിപത്യം പുലർത്തിയിരുന്നിടത്തു തങ്ങൾക്കും അവസരം കിട്ടുന്നു എന്നുള്ള ആഹ്‌ളാദ ത്തിമിർപ്പിലാണ് മറ്റു പാർട്ടിക്കാർ ..


കലാലയ രാഷ്ട്രീയം ഒരു വിദ്യാർത്ഥിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നു  എന്നതിനെ പറ്റി  ഒരു വിചിന്തനം  ഈ അവസരത്തിൽ ആസ്ഥാനത്താവില്ല..


80 ശതമാനത്തിലധികം മാർക്കു  വാങ്ങിയവർക്കു ബിരുദ പഠനത്തിനും 90 ശതമാനത്തിനുമേൽ  മാർക്കു വാങ്ങിയവർക്കു ബിരുദാനന്തര  ബിരുദത്തിനും പ്രവേശനം നൽകുന്ന  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ(അതുപോലെ മറ്റു കലാലയങ്ങളിലും ) മറ്റു കാറ്റഗറികളിലൂടെ പ്രവേശനം നേടുന്ന ഒരു വിഭാഗം കൂടിയുണ്ട്. ഇവരിൽ നിന്നുമാണ്  തെരുവു ,രാഷ്ട്രീയ ഗുണ്ടകളെയും ട്രേഡ് യൂണിയൻ നേതാക്കളെയും  ദീർഘ കാലത്തെ ശിക്ഷണത്തിനു  ശേഷം സാക്ഷ്യപത്രം നൽകി പുറത്തു വിടുന്നത്. ഇവരൊക്കെയായിരിക്കും  നാളത്തെ നമ്മുടെ നാടു  ഭരിക്കാൻ പോകുന്ന നേതാക്കന്മാരും, അവർക്കു സംരക്ഷണ ഭിത്തിയോരുക്കാൻ ആജ്ഞാനുവർത്തികളായി കുടെയുണ്ടാവുന്ന ഗുണ്ടാ നേതാക്കളും. 

കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറിയപങ്കും കലാലയ ഇടനാഴികളിൽ കൊണ്ടും കൊടുത്തും അധാർമിക മാർഗങ്ങളിലൂടെ നേതൃസ്ഥാനത്തെത്തിയവരാകുമ്പോൾ, മരണം വരെ അവരുടെ സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാനും പാരമ്പര്യം നില നിറുത്താനും കുട്ടി നേതാക്കൾ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നവരാവുന്നതാണു അഭികാമ്യം. അതു  കൊണ്ടു  തന്നെ പാർട്ടി ഭേദമെന്യേ എല്ലാവരും കലാലയങ്ങളിൽ ആധിപത്യം ഉറപ്പിക്കുവാൻ തുനിഞ്ഞിറങ്ങുന്നു.അധികാരം കൈപ്പിടിയിലുള്ളപ്പോഴത്തെ അനന്തമായ സാധ്യതകൾ, I A S, I P S, കാരെ വരെ ചൊൽപ്പിടിയിലൊതുക്കി അമ്മാനമാടാനുള്ള സ്വാതന്ത്ര്യം, ട്രേഡ് യൂണിയൻ നേതൃസ്ഥാനങ്ങളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ തങ്ങളുടെ ലാഭേച്ചകൾക്കനുസൃതമായി കൊണ്ടു നടക്കുവാനും സാമ്പത്തിക ലാഭമുണ്ടാക്കുവാനുമുള്ള അവസരങ്ങൾ, സ്വകാര്യ ഉടമകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും വഴങ്ങാത്തവരെ രാഷ്ട്രീയ പിന്തുണയോടെ അടച്ചു പൂട്ടിക്കുവാനുമുള്ള സ്വാതന്ത്ര്യം, ഇവയൊക്കെ മുന്നിലുള്ളപ്പോൾ കലാലയ രാഷ്ട്രീയത്തിനു നിലവിലുള്ള പ്രസക്തി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട.  

കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായി വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ എത്തിപ്പെടുന്നവരാണ് മറ്റൊരു കൂട്ടർ. സാക്ഷാൽ കമ്യുണിസ്റ്റ് സംവിധാനം കേരളത്തിലോ ഇന്ത്യയിലെവിടെയെങ്കിലുമോ, ഒരിക്കലും നിലനിന്നിരുന്നില്ലെങ്കിലും,  ആധുനിക യുഗത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത ഈ പ്രത്യയശാസ്ത്രം കേരളത്തിന് നൽകിയ സംഭാവനകളിൽ എന്നും ഓർമിക്കപ്പെടുന്നവയാണ് ഭൂപരിഷ്കരണ നിയമവും, കുടികിടപ്പവകാശവും. എന്നാൽ പ്രസ്ഥാനത്തിന്റെ ബാക്കി പത്രമായി ഇന്നും അവശേഷിക്കുന്ന തൊഴിൽ ദാതാവിനെ മുതലാളിയായി കാണുന്ന മനോഭാവം ഒരു പക്ഷെ മലയാളിമനസ്സിൽ മാത്രം അടിഞ്ഞുകൂടിയ കരടുകളാവാം ജോലി ചെയ്യാതെ ആർക്കും സമ്പാദിക്കുവാനോ മുതലാളിയാവാനോ  ഉള്ള സാഹചര്യം ലോകത്തൊരിടത്തും  നില നിൽക്കുന്നില്ല, എങ്കിൽ പോലും മലയാളിയുടെ മനസ്സിൽ  നോക്കു  കൂലി ഇന്നും പച്ചപിടിച്ചു നിൽക്കുന്നു.ദിവസക്കൂലിക്കു പണിയെടുക്കുന്നവർ വരെ ഷെയർ മാർക്കറ്റുകളിൽ നിന്നും ലാഭം നേടുമ്പോൾ തങ്ങളും ഒരു സംരംഭത്തിന്റെ ഭാഗമായിപ്പോയെന്ന   വസ്തുത അവർ മനസ്സിലാക്കുന്നില്ല.

കാലത്തിനും പുരോഗമനത്തിനുമെതിരെ സമരം ചെയ്ത കേരളത്തിലെ കമ്യുണിസ്റ്റുകളെന്നു വിശേഷിപ്പിക്കുന്നവർക്കു വേണ്ടി കാലം കരുതി വച്ച പ്രതികാരമാകും ഇന്റർനെറ്റും സാമൂഹ്യ മാധ്യമങ്ങളും ഇൻഫർമേഷൻ ടെക്നോളജിയും തുടങ്ങി കൃത്രിമ ബുദ്ധി ( Artificial Intelligence)വരെയുള്ള കൈപ്പിടിയിലൊതുങ്ങാത്ത പുരോഗമനങ്ങൾ. ലോകത്തോടൊപ്പം, ഈ വികസനങ്ങൾക്കു നേതൃത്വം കൊടുക്കുവാൻ സാധിച്ചില്ലെങ്കിലും കൂടെ നിൽക്കുവാനെങ്കിലും വേണ്ടി തത്രപ്പെടുന്ന യുവത്വത്തെ അതിനു പ്രാപ്തരാവും വിധം വാർത്തെടുക്കുന്നതിനു കലാലയ രാഷ്ട്രീയം സഹായകമാവില്ല എന്ന യാഥാർഥ്യം നമ്മുടെ രാഷ്ട്രീയാചാര്യന്മാർക്ക്  അറിയാഞ്ഞിട്ടൊന്നുമല്ല.പക്ഷെ അവരിൽ നിന്നും അങ്ങിനെയൊരു ചുവടു വയ്പ് ആരും പ്രതീക്ഷിക്കേണ്ടതില്ല.കൃത്രിമ ജ്വാലകളിൽ  ഉരുകി ചാമ്പലാവുന്ന ഈയാംപാറ്റകളായി മാറാൻ സ്വയം നിന്നു  കൊടുക്കാതെ  ഉത്തരവാദിത്വങ്ങൾ  ഉൾക്കൊണ്ടു കൊണ്ട്, കടമകൾ നിർവഹിക്കുന്ന  ഒരു വിദ്യാർത്ഥി സമൂഹത്തിനും  അവരെ സംരക്ഷിക്കുന്ന കോടതികൾക്കുമല്ലാതെ   കലാലയ രാഷ്ട്രീയത്തിന്റെ കെടുതികളിൽ  നിന്നും കലാലയങ്ങളെ രക്ഷിക്കുക അസാധ്യമായിരിക്കും.