International Pravasi

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ഇതുവരെ മരിച്ചത് 134 മലയാളികള്‍

കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് വിദേശത്ത് മരിച്ചവരില്‍ കൂടുതല്‍. 19 പേരാണ് ജില്ലയില്‍ നിന്ന് മാത്രം മരിച്ചിരിക്കുന്നത്.

കോവിഡ് 19 ബാധിച്ച് വിദേശങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യുഎഇയിലും അമേരിക്കയിലുമാണ് കൂടുതല്‍ പ്രവാസികള്‍ മരിച്ചത്. യുഎഇയില്‍ മാത്രം ഇതുവരെ 59 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

മാര്‍ച്ച് 31 മുതല്‍ ഇന്നുവരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇയില്‍ മാത്രം 59 മലയാളികളാണ് മരിച്ചത്. അമേരിക്കയില്‍ 33 മലയാളികള്‍ മരണത്തിന് കീഴടങ്ങി. ബ്രിട്ടനില്‍ 11 പേരും സൌദിയില്‍ 12 പേരും മരിച്ചു. കുവൈത്തില്‍ 10 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒമാനില്‍ രണ്ടുപേരും അയര്‍ലന്‍റിലും ജര്‍മനിയിലും ഒരാള്‍ വീതവും മരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് വിദേശത്ത് മരിച്ചവരില്‍ കൂടുതല്‍. 19 പേരാണ് ജില്ലയില്‍ നിന്ന് മാത്രം മരിച്ചിരിക്കുന്നത്. തൃശൂരില്‍ നിന്നുള്ള 18 പേരും പത്തനംതിട്ട സ്വദേശികളായ 17 പേരുമുണ്ട്. കൊല്ലത്ത് നിന്ന് 11 ഉം തിരുവനന്തപുരത്ത് പത്തും എറണാകുളത്ത് 9 പേര്‍ക്കും വിദേശത്ത് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. വിദേശത്ത് കോവിഡ് ബാധിച്ചവര്‍ക്ക് വൈദ്യസഹായമെത്തിക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

മാര്‍ച്ച് 31ന് മുമ്പ് ഗുരുതരമായി രോഗം പടര്‍ന്ന ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കണക്ക് ലഭ്യമായിട്ടില്ല. ഗള്‍ഫ് നാടുകളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ പ്രവാസി സമൂഹം ആശങ്കയിലാണ്.