Europe International Pravasi Switzerland

അഴകും പൗരാണികതയും കവിളിലുരുമ്മി നിൽക്കുന്ന വ്യത്യസ്ത നാടുകളിലൂടെയുള്ള ആഢംബരകപ്പലിലെ ഏഴു സുന്ദര രാത്രികൾ

TOM KULANGARA

ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്തെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും, പോയ യാത്രകളും ഇനി പോകാനിരിക്കുന്ന യാത്രകളുമാണെന്ന്. അഴകും പൗരാണികതയും കവിളിലുരുമ്മി നിൽക്കുന്ന വ്യത്യസ്ത നാടുകളിലൂടെ ഏഴു ദിവസം നീളുന്ന കപ്പൽയാത്ര ഞങ്ങളെ കൂടുതൽ ഉത്സുകരാക്കുന്നു. ക്ഷീണം ഞങ്ങളുടെ നിഘണ്ടുവിൽ നിന്ന് അപ്രത്യക്ഷമായി. ദിനം തോറും കഥകൾക്ക് നീളം കൂടിക്കൂടി വരുന്നു. സന്ധ്യ മയങ്ങിയാൽ കപ്പൽ തിര മുറിച്ച് മറുതീരം തേടിയോടും.

ഇറ്റലിയിലെ വെനീസിൽ നിന്ന് ആരംഭിച്ച് അടുത്ത ദിവസം ഇറ്റലിയിലെ തന്നെ ഒരു പുരാതന തുറമുഖമായ ബാരിയിലെത്തി. പിന്നെ ഒളിംമ്പിയയും,സന്റോറിനി ദ്വീപും കറങ്ങി അവിടെ നിന്ന് ഏതൻസ്, കോർഫു വഴി അവസാനം മൊൺണ്ടേനെഗ്രോ അവിടെ നിന്നും വീണ്ടും വെനീസിൽ എത്തിച്ചേരുന്ന മെഡിറ്ററേനിയൻ കടലിലൂടെയുള്ള ഒരു കപ്പൽ കറക്കമാണ് ഞങ്ങളുടെ ഈ യാത്ര. ബാരിയിലെ വിശേഷങ്ങൾ ആദ്യ എപ്പിസോഡിൽ പറഞ്ഞതുകൊണ്ട് നമുക്ക് നേരെ ഒളിംമ്പിയ വിശേഷങ്ങളിലേയ്ക്ക് കടക്കാം.

ഞങ്ങൾ 17 പേർക്ക് 80 യൂറോ കൊടുത്താൽ ഒരു ബസ്സിൽ ഒളിമ്പിയ ഗ്രാമത്തിൽ കൊണ്ടുപോയി കാഴ്ചകൾ കാണിച്ചതിനു ശേഷം ആ ബസ്സിൽ തന്നെ തിരിച്ച് കപ്പലിൽ കൊണ്ടു വിടാമെന്ന് ഏറ്റു. നല്ല ഇളവ്. സൂപ്പർ ഡീൽ. തുറമുഖത്ത് നിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ ചരിത്ര പ്രസിദ്ധമായ ഒളിമ്പിയാ ഗ്രാമത്തിൽ എത്തും. അധികം തിരക്കില്ലാത്ത നിരത്ത്. റോഡിനിരുവശവും കുറ്റിക്കാടുകളും, ചെറുകുന്നുകളും.

പതിനേഴ് ലോക പൈതൃക കേന്ദ്രങ്ങളാണ് (World Heritage Sites) ഗ്രീസിലുള്ളത്. അതിലൊന്നാണ് ഒളിമ്പിയായിലെ പുരാവസ്തു പ്രദേശങ്ങൾ. ലോകസംസ്കാരത്തിന് ഏറ്റവും വലിയ സമ്മാനം നൽകിയ സമാധാന സൗഹൃദ മഹാകായികമേളയുടെ ആസ്ഥാന മണ്ണിൽ കാലുകുത്തിയപ്പോൾ ഉള്ളിൽ ഉറങ്ങിക്കിടന്ന കായികതാരം ഉൾപുളകിതഗാത്രനായി. അതിലൂടെ ഓടാൻ കാലുകൾ തരിച്ചു. സമയം വില്ലനായി.

ഒളിമ്പിക്സിന്റെ ഉത്ഭവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ ഗ്രീക്ക് പുരാണങ്ങളിൽ കാണാം. അതിൽ പ്രധാനപ്പെട്ടത് ഗ്രീക്കുകാരുടെ ദേവാതിദേവനായ സിയൂസിനോടും ശക്തിയുടെ പ്രതീകമായ ഹെർക്കുലീസിനോടും ബന്ധപ്പെടുത്തിയാണ്. ചരിത്രരേഖകൾ പ്രകാരം ബിസി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതിനുമുൻപും നടന്നിട്ടുണ്ടെന്ന വാദവും നിലനില്ക്കുന്നുണ്ട്.

പ്രാചീന ഗ്രീസിലെ ഒളിമ്പിക്സ് വെറും കായിക മത്സരം മാത്രമായിരുന്നില്ല, മതപരമായ ഒരു ആഘോഷം കൂടിയായിരുന്നു. ഓട്ടമത്സരം മാത്രമാണ് ആദ്യകാല ഉണ്ടായിരുന്നത്. പിന്നീട് ഗുസ്തിയും, തേരോട്ടവും, വാൾപയറ്റും, കുതിര സവാരിയും മായി ഏകദിനമേള അഞ്ചും ഏഴും ദിവസം നീളുന്ന മത്സരമായി വികസിച്ചു. ആടിനെ അറുത്ത് അതിന്റെ ചുടുരക്തത്തിൽ കൈമുക്കി നിഷ്പക്ഷത പാലിച്ചുകൊള്ളാം എന്ന് പരസ്യ പ്രതിജ്ഞ ചെയ്യിപ്പിച്ചാണ് മത്സരത്തിൽ റഫറിമാരാക്കുന്നത്. ആദ്യകാലത്ത് സ്ത്രീകൾക്ക് പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. 1896 – ലെ ആരംഭിച്ച ആധുനിക ഒളിമ്പിക്സിലും സ്ത്രീ പങ്കാളിത്തം നിഷിധമായിരുന്നു. 1900 ൽ പാരീസിൽ നടന്ന ഒളിമ്പിക്സിലാണ് ആദ്യമായി മത്സരിക്കാൻ വനിതകൾക്ക് അനുമതി ലഭിക്കുന്നത്.

കപ്പലിൽ വൈകിട്ടുള്ള സ്റ്റേജ് പരിപാടികൾ എനിക്ക് അത്ര പിടിച്ചില്ലെങ്കിലും ചിലർക്ക് അത് ഒഴിവാക്കാനാവത്ത സംഗതിയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലുള്ള റോസിന് കപ്പലിലെ ഷോ ആങ്കർ ജാക്കിനോട് എന്തോ ഒരു ഇത്. ഞങ്ങളറിയാതെ അവർ തമ്മില്‍ തമ്മിൽ കണ്ണും കണ്ണും.. കഥകളും…. കൈമാറി. അനുരാഗമേ നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം. ഞങ്ങളിതൊന്നും അറിയാതെ സ്റ്റേജിൽ ആടിപ്പാടുന്ന സുന്ദരിപ്പെണ്ണുങ്ങളുടെ പൊങ്ങിത്താഴ്ന്ന് തെന്നിമാറുന്ന തുണികളുടെ ഭംഗിയിൽ കണ്ണും നട്ട് നിർവൃതിയടഞ്ഞു.

ചെറുതും വലുമായി ആയിരത്തിലേറേ ദ്വീപുകളാണ് ഗ്രീസിലുള്ളത്. കടലിൽ നിന്നു പൊങ്ങിവന്ന ഉറങ്ങുന്ന ഒരു തീ മലയാണ് സന്റോറിനി. മനോഹരമായ പ്രകൃതിദൃശ്യങ്ങളും, ആകർഷകമായ അസ്തമയവും, നീലക്കടലും, വെള്ളയും നീലയും നിറമണിഞ്ഞ കെട്ടിടങ്ങളും ഒരുക്കുന്ന റൊമാന്റിക് മൂഡാവാം ഹണി മൂൺ ആഘോഷക്കാരേയും പ്രണയിതാക്കളേയും തീറ എന്നു പേരുകൂടിയുള്ള ഈ ദ്വീപിലേക്ക് ആകർഷിക്കുന്നത്.

സുന്ദരിയായ സാന്റോറിനിയുടെ അടുത്തേക്ക് പോകാതെ ഞങ്ങളുടെ കപ്പൽ നാണം കുണുങ്ങി അല്പമകലെ നങ്കൂരമിട്ടു. അവിടെ നിന്ന് നോക്കിയാൽ നരച്ച തലയുള്ള മല കാണാം. ചെറുബോട്ടുകളിൽ കയറി ഞങ്ങൾ സന്റോറിനിയിൽ ഇറങ്ങി. യേശു കഴുതപുറത്ത് കയറിയിട്ടുണ്ട് അതുകൊണ്ട് ഞങ്ങൾക്കും കഴുതപ്പുറത്ത് കയറണമെന്ന് ചില കഴുതകൾക്ക് മോഹം. ഒരു കൂട്ടർ കഴുതപ്പുറത്തും മറുകൂട്ടർ റോപ് വേയിലുമായി മുകളിലെത്തി ഗ്രീസിന്റെ സുന്ദരിയുടെ സൗന്ദര്യം കൺ കുളിർക്കെ കണ്ടു. കൂടുതൽ കാണാനായി ഞങ്ങൾ കുറച്ച് പേർ ചേർന്ന് ടാസ്കി എടുത്തു.

തട്ടുതട്ടായി കിടക്കുന്ന വെള്ള വീടുകളും നീലത്താഴികക്കുടങ്ങളും അതിസുന്ദരമായ വീതികുറഞ്ഞ പാതകളും കടന്ന് അർബാനിയക്കാരൻ ഓടിക്കുന്ന വാൻ ഞങ്ങളെയും കൊണ്ട് പാഞ്ഞു. ദ്വീപിന്റെ പ്രധാന കവാടത്തിൽ വണ്ടി നിറുത്തി. അവിടം കാണാൻ ഒരുമണിക്കൂർ സമയം അനുവദിച്ചു. ഇപ്പോഴും സജീവമായ അഗ്നിപർവ്വതം കാണാൻ മോഹമുണ്ടായിരുന്നു. സമയ പരിമിതി മൂലം അത് മോഹമായി തന്നെ അവശേഷിച്ചു. സന്റോറിനിയുടെ മണ്ണിന് റെഡ്, ബ്ലാക്ക്, വൈറ്റ് കളറുകളാണ്. ലാവകൊണ്ട് വ്യത്യസ്തമായ ഈ മണ്ണ് കണ്ടപ്പോൾ കൗതുകം തോന്നി.

ലിഫ്റ്റ് വഴി ഇറങ്ങാൻ വൻ ക്യൂ. ഓരോ ബീയറും കുടിച്ച് കഴുതച്ചാലിലൂടെ കഴുതകൾക്കൊപ്പം മന്ദം മന്ദം താഴോട്ടിറങ്ങി. പലരുടേയും വയറിന്റെ വിളി കപ്പലിന്റെ സൈറൻപോലെ മുഴങ്ങുന്നുണ്ട്. എല്ലാവരുടേയും ലക്ഷ്യം ഒന്നുതന്നെ. കപ്പലിലെ പതിമൂന്നാം നിലയിലെ ബുഫേ.

ഗ്രീക്ക് സുന്ദരി സാന്റോറിനി ഞങ്ങളിൽ നിന്നും പതുക്കെ അകലാൻ തുടങ്ങി. ചെമ്മീനിലെ കൊച്ചുമുതലാളി പരീക്കുട്ടി പാടിയതുപോലെ തുറസ്സായ വിശാല ഡെക്കിലിരുന്ന് വിരഹവേദനയോടെ ഞങ്ങളും പാടി കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ലാ. സുരേഷ് ഗോപിച്ചേട്ടൻ തൃശ്ശൂർ എടുത്തമാതിരി ഗ്രീക്ക് സുന്ദരിയെ ഓർമ്മചെപ്പിൽ ഞാനങ്ങ് എടുക്കുവാ.

ബാഹ്യശോഭകൊണ്ട് പ്രോജ്വലമായ ഉല്ലാസ നൗകയുടെ അകത്തളങ്ങളങ്ങളിൽ ഒട്ടനവധി പരിപാടികൾ ഉണ്ട്. ബാലിസുന്ദരിമാരുടെ മസ്സാജ് സെന്ററുണ്ട്. ബാലി ലതാംഗിമാരുടെ കരബലം അനുഭവിച്ച് ചൂടുപിടിച്ച ചേട്ടൻമാരുടെ അന്നത്തെ അന്തിചർച്ച തിരുമ്മലായിരുന്നു. മീഡിയം മർദ്ദം ആവശ്യപ്പെട്ടയാൾ ബാലി തരുണീമണിയുടെ ആദ്യ മർദ്ദത്തിൽ തന്നെ സമ്മർദ്ദത്തിലായി. ബലി മൃഗത്തെപ്പോലെ കണ്ണും കൈയും കെട്ടി സ്മാൾമോനെ (കുഞ്ഞുമോൻ) ബന്ദിയാക്കി ബലിക്കല്ലിൽ കിടത്തി ബലക്ഷയം മാറ്റി, ബലേ….ഭേഷാക്കി. കൂടിയ മർദ്ദം തന്നെ ആയിക്കോട്ടെയെന്ന് ആവശ്യപ്പെട്ട എനിക്ക് ബലശാലിയായ ബാലികുട്ടിക്കട്ടയെ കിട്ടിയെങ്കിലും, അവളുടെ പഞ്ചുകൾ സ്പോഞ്ചുപോലെ ദുർബലമായിരുന്നു.

നിശയിൽ നഭസ്സ് പുതച്ച കറുത്ത കമ്പളം പതുക്കെ മാറ്റി തുടങ്ങിയതോടെ ബാലഭാസ്കരൻ പരപരാന്ന് വെള്ളി വെളിച്ചം വിതറാൻ തുടങ്ങി. ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന് പറഞ്ഞ സ്ഫടികത്തിലെ തിലകനു വളരെ മുൻപേ ജീവനും പ്രകൃതിയും ഗണിതശാത്ര അടിസ്ഥാനത്തിലാണെന്നു സിദ്ധാന്തിച്ച പൈതഗോറസ്സിന്റെ നാടുകാണാൻ ഞങ്ങളെല്ലാം മഞ്ഞബസ്സിന്റെ മുകളിലത്തെ നിലയിൽ കയറി.

പൗരാണിക യവന വാസ്തുകലയുടേയും, ശില്പകലയുടേയും മകുടോദാഹരണമാണ് ഏതൻസിലെ ആക്രോപൊളിസ്. ഞങ്ങളുടെ ഇന്നത്തെ മുഖ്യ സന്ദർശന കേന്ദ്രവും ആക്രോപൊളിസ് തന്നെ. ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായ ഏഥൻസ് നഗരിയുടെ ഗതാഗതക്കുരുക്കിൽ ഒച്ചുപോലെ ഇഴയുകയാണ് ഞങ്ങളുടെ മഞ്ഞ ബസ്.

ഗ്രീക്കു ദേവതയായ അഥീനയുടെ പേരിൽ നിന്നാണ് ഏഥൻസ് എന്ന പേർ കൈവന്നത്. സോക്രട്ടീസ് നടന്നിരുന്ന തെരുവുകളും, അരിസ്റ്റോട്ടിൽ പഠിച്ച പള്ളിക്കൂടങ്ങളുമുള്ള നാട്ടിലൂടെ, സ്റ്റേഡിയങ്ങളുടെ മുന്നിലൂടെ ബസ് മന്ദം മന്ദം ഉരുണ്ടു. ബസ്സിലെ വിവരണം ഇയർഫോൺ വച്ചിട്ടും വ്യക്തമല്ല. ഒടുക്കം ഞങ്ങൾ അക്രോപൊളിസിൽ എത്തി.
നിരവധി അക്രോപോളിസുകൾ ഗ്രീസിലുണ്ട്. എന്നാൽ ഇവയിലെല്ലാത്തിനും മുന്നിൽനിൽക്കുന്നത് ഏതൻസിലെ അക്രോപൊളിസാണ്. അക്രോപോളിസിലെ നിരവധി നിർമിതികൾ മണ്ണടിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇന്ന് വളരെ കുറച്ചു മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. പ്രൊപിലേ എന്ന കവാടമാണ് അക്രോപോളിസിലെക്കുള്ള പ്രവേശന മാർഗ്ഗം. ഈ കവാടത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ടെമ്പിൾ ഓഫ് അഥീന നൈക്കി. അക്രോപൊളിസിന്റെ ഒരു വക്കിലായി പാർഥിനോൺ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. അഥീന പാർഥനോസ് എന്ന ദേവതയുടെ ക്ഷേത്രമാണ് ഇത്.

പ്രകൃതിക്കും ചുറ്റുപാടുകൾക്കും അനുയോജ്യമായ രീതിയിലാണ് ഓരോ നിർമ്മതികളും. ഗ്രീക്ക് കലാസൗകുമാര്യത്തിന്റെ അവിസ്മരണീയമായ ആവിഷ്കാരമാണ് പാർഥിനോൺ ക്ഷേത്രം. BC അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് ഇത് പൂർത്തിയാക്കിയതെന്ന് ചരിത്രം പറയുന്നു. എന്തായാലും ഏതാനും മണിക്കൂർകൊണ്ട് ഇതെല്ലാം കാണാൻ സാധിക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് അടുത്ത കണ്ട മാർബിൾ മലയുടെ മണ്ടയിൽ വലിഞ്ഞു കയറി എല്ലാം ഭംഗിയായി ക്യാമറയിലാക്കി’

ഗതാഗതക്കുരുക്ക് കൂടുതൽ മുറുകിയതോടെ മറുഭാഗം കണ്ടു കറങ്ങി വരുന്നത് സാഹസമായിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. കപ്പൽ പോയാൽ ഗോവിന്ദാ. അനക്കമില്ലാതെ കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയിൽപ്പെട്ട് ആധി പിടിക്കുന്നതിലും ഭേദം നമുക്ക് തിരിച്ചുപോകാമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. അങ്ങനെ ഏഥൻസിന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രം അല്പം മാത്രം ദർശിച്ച് പകുതിക്ക് വച്ച് ഏഥൻസ് സന്ദർശനം നിറുത്തി വന്ന പീതബസ്സിൽ തിരിച്ച് ഞങ്ങളുടെ താത്കാലിക കൊട്ടാരനൗക പൂകി. അകത്തളങ്ങളിലെ ഉല്ലാസങ്ങളിൽ മുഴുകി.

പിറ്റെ ദിവസം കോർഫു ഇറങ്ങി. അവിടം ചെറുതായൊന്ന് ചുറ്റി. അടുത്ത ദിവസം കപ്പൽ മൊൺണ്ടോനെഗ്രോയിൽ നങ്കൂരമിട്ടു. പരുക്കൻ പർവതങ്ങളും മധ്യകാല ഗ്രാമങ്ങളും അഡ്രിയാറ്റിക് തീരപ്രദേശത്ത് ഇടുങ്ങിയ കടൽത്തീരങ്ങളുമുള്ള ഒരു ബാൽക്കൻ രാജ്യമാണ് മോണ്ടിനെഗ്രോ. ഹെർസെഗ് നോവി തുടങ്ങിയ കോട്ടകളും പട്ടണങ്ങളും കരടികളുടെയും ചെന്നായ്ക്കളുടെയും ആവാസ കേന്ദ്രമായ ഡർമിറ്റർ നാഷണൽ പാർക്ക്, ചുണ്ണാമ്പുകല്ല് കൊടുമുടികൾ, ഹിമാനി തടാകങ്ങൾ, 1,300 മീറ്റർ ആഴമുള്ള താരനദി കാന്യോൺ എന്നിവയൊക്കെയാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ സമയ പരിമിധി മൂലം ഒരു വാനെടുത്ത് ഞങ്ങളെല്ലാം ഒന്ന് ചുറ്റിക്കറങ്ങി വീണ്ടും കപ്പലിക്കയറി. കപ്പലിലെ അവസാന രാത്രി നന്നായി ആഘോഷിച്ചു. പിറ്റെ ദിവസം ഞങ്ങൾ രാവിലെ വെനീസിൽ എത്തി. ആ ആഢംബര നൗകയോട് വിട പറഞ്ഞു.

ആടിപ്പാടി തളർന്ന് ഞങ്ങൾ അവശരായി വന്നു കിടക്കുമ്പോൾ കടലമ്മ തന്റെ തിരകളാകുന്ന കൈകൾകൊണ്ട് ഞങ്ങളെ താരാട്ടു പാടിയുറക്കും. ഏഴു സുന്ദരരാത്രികൾ ആടിയയുറങ്ങിയതിന്റെ ഹാങ്ങോവർ വീട്ടിലുറങ്ങിയ ആദ്യദിവസങ്ങളിലും ഉണ്ടായിരുന്നു. ഇപ്പോൾ ആട്ടമില്ല. നെട്ടോട്ടം മാത്രം.

…………………………………