Europe National Pravasi Switzerland

ലൈറ്റ് ഇൻ ലൈഫ് – പുനർജ്ജനി പദ്ധതിയിലെ ഏഴ് വീടുകളുടെ നിർമ്മാണം പൂർത്തിയാവുന്നു.

സ്വിറ്റ്സർലൻഡിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, സുമനസ്സുകളുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പുനർജനി ഭവനനിർമ്മാണ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2018 ലെ പ്രളയ ദുരന്തത്തിൽ ഭവന രഹിതരായ 7 കുടുംബങ്ങൾക്ക്  കോട്ടയത്തിനടുത്ത് മൂഴൂരിൽ നിർമ്മിക്കുന്ന ഏഴു ഭവനങ്ങൾ പുതുവർഷത്തോടെ പൂർത്തിയാകും. തുടർന്ന് പുതിയ രണ്ടു വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്യും.വഴി, വൈദ്യുതി, വെള്ളം പൊതു ഇടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള വീടുകളാണ് പൂർത്തിയാകുന്നത്.


പ്രളയകാലത്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ പല രാജ്യങ്ങളിൽ ഇരുന്ന്, സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുമിച്ച കുറെ സുമനസ്സുകൾ, പ്രളയ ദുരിത ബാധിതരെ എങ്ങിനെയൊക്കെ സഹായിക്കാൻ സാധിക്കും എന്ന് ചിന്തിച്ചപ്പോൾ ഉരുത്തിരിഞ്ഞ ഒരു ആശയമാണ്  പുനർജനിയും അതിലെ 7 കൊച്ചു വീടുകളും. സാങ്കേതികത്വത്തിന്റെ നൂലാമാലകൾ ഇല്ലാതെ സഹായം നേരിട്ടുതന്നെ എത്തിക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം ആയിരുന്നു. മുഖപുസ്തകത്തിലെ സുഹൃത്തുക്കൾ മുഖാഭിമുഖം കണ്ടില്ലെങ്കിലും അവരുടെ മനസ്സിലെ കനിവും കാരുണ്യവും ഒപ്പം നിശ്ചയ ദാർഢ്യവും,  പുനർജനി എന്ന ആശയത്തെ യാഥാർത്ഥ്യം ആക്കി മാറ്റുകയായിരുന്നു.
ഇടുക്കിയിൽ നാശനഷ്ടങ്ങൾ കൂടുതലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം ഉണ്ടായവയാണ്. പ്രളയ കാലത്തിനപ്പുറം പല സ്ഥലങ്ങളുടെയും ഭൂപ്രകൃതി തന്നെ മാറി പോയിരുന്നു. പലരുടെയും വീടും, കൃഷിയും കന്നുകാലികളും മറ്റു ജീവനോപാധികളും നഷ്ടപ്പെട്ടു എന്നു മാത്രമല്ല; ഒപ്പം സ്വന്തം വീടിരുന്ന സ്ഥലം പോലും അടയാളപ്പെടുത്താൻ ആവാത്ത വണ്ണം മാറി പോയി. പലരുടെയും വീടിന്റെയും സ്ഥലത്തിന്റെയും രേഖകളും നഷ്ടപ്പെട്ടു. ഈ ഉദ്യമത്തിന്റെ ഗുണഭോക്താക്കൾ  സ്വന്തമായി സ്ഥലം ഇല്ലാത്തവരാണ്. ഏഴു കുടുംബങ്ങൾ…സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ സർക്കാരിന്റെ സഹായങ്ങൾ ഇവർക്ക് അപ്രാപ്യമായിരുന്നു.


ഇവരെ അന്വേഷിച്ചു കണ്ടെത്തിയതും അവരുടെ പരിതസ്ഥിതികൾ അന്വേഷിച്ച് സഹായത്തിനു അർഹരായവർ ആണെന്ന് ഉറപ്പ് വരുത്തിയതും ഈ 7 വീടുകളുടെ (ഇപ്പോൾ മറ്റു 2 വീടുകൾ കൂടി)  കമ്മ്യൂണിറ്റി എന്ന ആശയം മുന്നോട്ട് വച്ചത് നാടുകാണിയിലെ കപ്പൂച്ചിൻ വൈദികനായ  ജിജോ കുര്യൻ എന്ന നല്ല മനസും കുറച്ചു കൂട്ടുകാരും ആണ്. അദ്ദേഹത്തിന്റെ മനസ്സിൽ ഒരു മോഡൽ കമ്മ്യൂണിറ്റി എന്ന ആശയം ഉണ്ടായത് പങ്കു വച്ചപ്പോൾ കോട്ടയത്തുള്ള ഒരു കുടുംബം അതിനു വേണ്ടി 70 സെന്റ് ഭൂമി ഇഷ്ടദാനം ആയി വാഗ്ദാനം ചെയ്തു. സ്വിറ്റസർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് എന്ന ജീവകാരുണ്യ സംഘടന ഈ വീടുകൾക്കായി നല്ലൊരു തുക മുടക്കാൻ സന്നദ്ധത കാണിക്കുക കൂടി ചെയ്തപ്പോൾ ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കും എന്ന ഒരു വിശ്വാസം വരികയായിരുന്നു. 


ഈ ആശയവും മുന്നിൽ വച്ചു ഇതിലേക്ക് ബാക്കി ആവശ്യമായ  വലിയ ഒരു തുക സംഘടിപ്പിക്കുക എന്ന ഉദ്യമത്തിലേക്കാണ്, പ്രളയത്തിന്റെ സമയത്ത്  പല സ്ഥലങ്ങളിൽ നിന്ന് ഫെയ്‌സ് ബുക്ക് വഴി ഒരുമിച്ച നാല് IT ജീവനക്കാർ  കടന്നു വരുന്നത്. 3 പേർ അമേരിക്കയിലും ഒരാൾ കാനഡയിലും. പ്രളയ സമയത്ത് എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമായി പുനർജനിയോട് യോജിച്ചു പ്രവർത്തിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.


2019 ജനുവരി 27 നു മുൻ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിച്ച പുനർജ്ജനി പദ്ധതിയിലെ  ആദ്യത്തെ 7 വീടുകൾ സമയബന്ധിതമായിതന്നെ പൂർത്തീകരിക്കുമ്പോൾ, നിരവധി സുമനസ്സുകളും,  പ്രധാന പങ്കു വഹിക്കുന്ന ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് (സ്വിറ്റ്സർലൻഡ്) നോടൊപ്പം  ഡെല്മ(ഡെലവെയർ മലയാളി അസോസിയേഷൻ, USA ),  സ്‌കിപ്ട്ടൺ ബിൽഡേഴ്സ് UK, വിസ്‌മ(വിസ്കോൺസിൻ മലയാളി അസോസിയേഷൻ, USA ), കേരള അസോസിയേഷൻ ഓഫ് ചിക്കാഗോ, മനോഫ(മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ, USA ), നിമ(ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ, USA ),  പ്രവർത്തകരും ഒക്കെ നിറഞ്ഞ  സന്തോഷത്തിലാണ്. സ്വന്തമായി ഒരു വീടും ഒപ്പം 7 സെന്റ് സ്ഥലവും ലഭിക്കുന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കൾക്കാകട്ടെ ഇതൊരു പുതുവർഷസമ്മാനവും, സ്വപ്നസാക്ഷാൽക്കാരവും.