Association Pravasi Switzerland

നിലയ്ക്കാത്ത കനിവുമായി ”ലൈറ്റ് ഇൻ ലൈഫ് ” ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്…

ആദ്യ സഹായധനമായി CHF 75’000. – ൻറെ  ചെക്ക് റവ.ഡോ.സജി ജോർജിന് ( FAsCE India) ലൈറ്റ് ഇൻ ലൈഫ് ഭാരവാഹികൾ കൈമാറി 
സ്വിറ്റ്സർലണ്ടിലെ   ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫിൻറെ  മുഖ്യപങ്കാളിത്തത്തോടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ പുതിയതായി നിർമ്മിക്കുന്ന സ്കൂളിൻറെ  ആശീർവാദകർമ്മം  2019 ജുലൈ-മാസത്തിൽ ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ  റവ. ഫാദർ ജോർജ് പന്തന്മാക്കൽ നിർവഹിച്ചു. FAsCE യുടെ (Fransalian Agency for social Service in India) മേൽനോട്ടത്തിലാണ് നിർമ്മാണ-പ്രവർത്തനങ്ങൾ നടക്കുന്നത്.

രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് മൊത്തം ഒരുകോടി അറുപതുലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ എൺപതുലക്ഷം രൂപയാണ് ലൈറ്റ് ഇൻ ലൈഫിsâ   വിഹിതമായി നൽകുന്നത്.ഒന്നാം ഘട്ടത്തിനു വേണ്ടി ആദ്യഗഡുവായ CHF 75’000. – ൻറെ  ചെക്ക് (ഏകദേശം അൻപത്തിരണ്ടുലക്ഷം രൂപ)  14.07.2019 ൽ Teufen ൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ സംഘടനാപ്രതിനിധികൾ FAsCE India എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. സജി ജോർജിന് കൈമാറി.

കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ പിന്നോക്കപ്രദേശങ്ങളായ ആസ്സാമിലെ പാൻപാരിയിലും,  മേഘാലയയിലെ സോമൻപാറയിലും മൊത്തം ഒരുകോടി അറുപതുലക്ഷം രൂപ ചിലവിൽ  രണ്ട് സ്കൂളുകൾ നിർമ്മിക്കുവാൻ ലൈറ്റ് ഇൻ ലൈഫിന് സാധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യാത്രാസൗകര്യമില്ലാത്ത, വിദൂര മേഖലയിൽനിന്നുവരുന്ന  നിർദ്ധനരായ കുട്ടികൾക്ക് താമസം, ഭക്ഷണം മുതലായവ ഉൾപ്പെടുത്തി ഒരുകുട്ടിക്ക് ഒരുവർഷത്തേക്കായി 300.- സ്വിസ്സ്‌ഫ്രാൻകിൽ  ഒരു പ്രോജക്ടും, താമസസൗകര്യമില്ലാതെ, 150.- സ്വിസ്സ്‌ ഫ്രാൻകിൽ  മറ്റൊരു പ്രോജക്ടുമാണ് ഈ വർഷം ആരംഭിച്ചിരിക്കുന്നത് . 210 കുട്ടികൾക്കാണ് ഇപ്പോൾ ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കുന്നത്. ഇതിനുവേണ്ടി ഒരുവർഷം CHF 48000.-  നൽകുവാനുള്ള പ്രതിബദ്ധത  ലൈറ്റ് ഇൻ ലൈഫ് ഏറ്റെടുത്തു.  അഞ്ചുവർഷമാണ്  ഈ പ്രോജക്ടിൻറെ   കാലാവധി.  അർഹരായ അനേകം കുട്ടികൾ ഇനിയുമുണ്ട്. അവരും നമ്മുടെ സഹായത്തിനായി കാത്തിരിക്കുന്നു.

ലൈറ്റ്  ഇൻ ലൈഫിൻറെ   മറ്റൊരു അഭിമാനസംരംഭമായ  ഭവനനിർമ്മാണപദ്ധതിയിൽ നൂറാമത്തെ വീടിൻറെ  നിർമ്മാണപ്രവർത്തനങ്ങൾ പത്തനംതിട്ട ജില്ലയിലെ മൈലപ്രയിൽ പൂരോഗമിക്കുന്നു. പഞ്ചായത്തിൽനിന്നും ലഭിച്ച മൂന്നുസെൻറെ  ഭൂമിയിലാണ് വീടുപണി നടക്കുന്നത്. പ്രളയദുരിതാശ്വാസം ഉൾപ്പെടെ ഏകദേശം ഒരുകോടി മുപ്പത്തിനാലുലക്ഷം രൂപയുടെ പദ്ധതികളാണ്  ലൈറ്റ് ഇൻ ലൈഫ് കഴിഞ്ഞവർഷം പൂർത്തീകരിച്ചത്. അടുത്ത അദ്ധ്യയനവർഷം മുതൽ (2019 ഓഗസ്റ്റ്-സെപ്‌റ്റംബർ) നാൽപ്പത് നിർദ്ധന കുട്ടികൾക്ക്‌ പ്രൊഫഷണൽ കോഴ്‌സിനായി ഒരുവർഷം അൻപതിനായിരം രൂപയുടെ ഒരു സഹായ പദ്ധതിയും ലൈറ്റ് ഇൻ ലൈഫ് ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇരുപതുലക്ഷം രൂപയാണ് ഒരുവർഷം ലൈറ്റ് ഇൻ ലൈഫ് ഇതിനായി സമാഹരിച്ചുനൽകാൻ ഉദ്ദേശിക്കുന്നത്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി മൊത്തം ഒന്നേകാൽ കോടിയോളം രൂപയുടെ സഹായ പ്രവർത്തനങ്ങളാണ് 2019 ൽ ലൈറ്റ് ഇൻ ലൈഫ് ലക്ഷ്യമിടുന്നത്‌. എല്ലാ പ്രൊജക്ടിലും ലഭ്യമാകുന്ന തുക ഭരണപരമോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള ചിലവുകൾ ഇല്ലാതെ  പൂർണ്ണമായും അതാത് പ്രോജക്ടിനുവേണ്ടി വിനിയോഗിക്കപ്പെടുമെന്നുള്ളത് അടിവരയിട്ടുപറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

കഷ്ടതയും പ്രയാസങ്ങളും അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളോടും അതുപോലെ സമൂഹത്തിനോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രാവർത്തികമാക്കാൻ ആത്മാർത്ഥമായി   ഞങ്ങളെ സഹായിക്കുന്ന  എല്ലാ സുമനസ്സുകൾക്കും ലൈറ്റ് ഇൻ ലൈഫ് നന്ദി അർപ്പിക്കുന്നു.