Association Cultural Europe Our Talent Pravasi Switzerland

കലാമേളയിലെ മിന്നലൊളിയുമായ്‌ “കലാതിലകം” കിരീടം ചൂടി ശിവാനി നമ്പ്യാർ …

ജൂൺ എട്ട് ,ഒൻപതു തീയതികളിൽ സൂറിച്ചിൽ നടന്ന  കേളി കലാമേളയിൽ കലാതിലകമായി  സൂറിച്ചിലെ ശിവാനി നമ്പ്യാർ . കണ്ണുകളില്‍ ഭാവത്തിന്‍റെ തിരയിളക്കവുമായി , വശ്യമധുരമായ പുഞ്ചിരിയുമായി , ചെഞ്ചുണ്ടില്‍ രാഗശോണിമയുമായി , സര്‍വാംഗം ആഭരണഭൂഷിതമായി , സുന്ദരവദനത്താൽ , അംഗങ്ങളാകമാനം സുന്ദരമായി ചലിപ്പിച്ച് വേദിയില്‍ അത്ഭുതനടനങ്ങൾ  കാഴ്ചവെച്ചപ്പോൾ  കലാമേളയിൽ മത്സരിച്ച മിക്ക ഇനങ്ങളിലും വിജയി ആകുവാൻ പത്തു  വയസുള്ള ഈ ബാലികക്ക് കഴിഞ്ഞതോടെ കേളി നടത്തിവരുന്ന പതിനാറാമത് കലാമേളയിൽ ശിവാനി നമ്പ്യാർ കലാതിലക കിരീടമണിഞ്ഞു .
ഭരതനാട്യത്തിലും , ഫോൾക് ഡാൻസിലും ,ഫാൻസി ഡ്രസ്സ് മത്സരങ്ങളിൽ ഒന്നാം സമ്മാനവും,മോഹിനിയാട്ടത്തിൽ മൂന്നാം സമ്മാനവും  കൂടാതെ സിനിമാറ്റിക് ഡാൻസ് ,ക്ലാസിക്കൽ ഗ്രൂപ് ഡാൻസിൽ രണ്ടാം സമ്മാനവും ഈ കുരുന്നു പ്രതിഭ കരസ്ഥമാക്കി . കഴിഞ്ഞ വർഷത്തെ കലാമേളയിൽ  മോഹിനിയാട്ടത്തിലും  ഫോൾക് ഡാൻസിലും ,ഫാൻസി ഡ്രസ്സ് മത്സരങ്ങളിൽ ഒന്നാം സമ്മാനവും കൂടാതെ സിനിമാറ്റിക് ഡാൻസ് ,ക്ലാസിക്കൽ ഗ്രൂപ് ഡാൻസിൽ രണ്ടാം സമ്മാനവും നേടിയെങ്കിലും ചില പോയിന്റുകളുടെ വ്യത്യാസത്തിലാണ് കിരീടം കൈവിട്ടുപോയത് .കലയോടുള്ള പൂർണ്ണ സമർപ്പണത്തിൽ കഠിനപരിശ്രമത്താൽ ഈ വര്ഷം നേടിയെടുത്ത കലാതിലക പട്ടത്തിനു അതുകൊണ്ടു തന്നെ മാറ്റ് കൂടുതലാണ്  .
ആനന്ദമെന്ന അലൗകികവും അവാച്യവുമായ ചൈതന്യവികാരം ഹൃദയത്തില്‍ നിറയ്ക്കുന്ന പ്രതിഭാസമാണല്ലൊ ‘കല’. ആ വാക്കുപോലും നമ്മുടെ ഹൃദയത്തില്‍ ആഹ്ലാദത്തിന്റെ അലകള്‍ ഉണര്‍ത്തുന്നു. കല ആഹ്ലാദിപ്പിക്കുന്നതാണെന്ന കുട്ടിക്കൃഷ്ണമാരാരുടെ വാക്കുകള്‍ ഓര്‍മ്മയിലെത്തുന്നു. ബാഹ്യലോകത്തെ തീര്‍ത്തും വിസ്മരിച്ച് ഒരു നിമിഷം സര്‍വ്വതന്ത്രസ്വതന്ത്രമായി നമ്മുടെ ആത്മാവ് അനുഭവിക്കുന്ന അവാച്യമായ അനുഭൂതി കലാദര്‍ശനം നമുക്ക് സമ്മാനിക്കുന്നുവെന്ന് ഭാരതീയ സൗന്ദര്യദര്‍ശനം പറയുന്നു.ഈ കലയെ നാട്യരൂപത്തിൽ പിഴവുകളില്ലാതെ ആസ്വാദകർക്ക് അനുഭൂതിയായി അവതരിപ്പിക്കുന്നതിൽ ഈ കൊച്ചു മിടുക്കിയുടെ കഴിവിനുള്ള അംഗീകാരമാണീ കലാതിലകം .
സൂറിച്ചിൽ താമസിക്കുന്ന പ്രവാസി മാതാപിതാക്കളായ സേതുനാഥ് നമ്പ്യാർ മൃദുല സേതുനാഥ് എന്നീ ദമ്പതികളുടെ പുത്രിയാണ് അഞ്ചാം  സ്റ്റാൻഡേർഡിൽ പഠിക്കുന്ന ശിവാനി.  അവരുടെ പിൻതുണ ഒന്നുകൊണ്ടു മാത്രം കലാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു ഈ കുട്ടി.  കൊറിയോഗ്രാഫർ റോസ് മേരിയുടെ ശിക്ഷണത്തിൽ ആണ് വർഷങ്ങളായി ശിവാനി നൃത്തം അഭ്യസിക്കുന്നത് . കുസൃതിയുമായി സഹോദരിക്ക് കൂട്ടായി മൂന്നു വയസുകാരൻ മാധവും ശിവനിക്കൊപ്പമുണ്ട് . ഇതിനോടകം നിരവധി  വേദികളിൽ ഈ കുരുന്നു പ്രതിഭ തൻറെ  അത്ഭുത പ്രകടനങ്ങൾ കാഴ്ച്ച വച്ചു കഴിഞ്ഞു. ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലും അഭിനയത്തിലും മികവു തെളിയിക്കുന്ന ശിവാനി   ഏതൊരു പ്രവാസി മലയാളിക്കും മാതൃകയും പ്രചോദനവുമാണ്.
ഈ വർഷത്തെ കലാമേളയിൽ കലരത്‌നമായി സ്വിറ്റസർലണ്ടിലെ ജാനറ്റ് ചെത്തിപ്പുഴയും ,ഫാദർ ആബേൽ മെമ്മോറിയൽട്രോഫി അയർലണ്ടിൽ നിന്നുള്ള ഗ്രെസ് മരിയ ജോസും കരസ്ഥമാക്കി ..