Association Cultural Pravasi Switzerland

18-ാ മത് കേളി ഇൻ്റർനാഷണൽ കലാമേളയുടെ രജിസ്ട്രേഷൻ ജനുവരി 14 മുതൽ ആരംഭിച്ചിരിക്കുന്നു.

ആയിരം ചന്ദ്രോദയങ്ങളുടെ ആത്മഹർഷം പോലെ ജൂബിലി വർഷത്തിൻ്റെ നിറശോഭയിൽ 2023 മെയ് 27, 28 തീയതികളിൽ ഹോം ബ്രെറ്റിക്കോണിൽ വച്ച് നടത്തപ്പെടുന്ന 18-ാ മത് കേളി ഇൻ്റർനാഷണൽ കലാമേളയുടെ രജിസ്ട്രേഷൻ ജനുവരി 14 മുതൽ ആരംഭിച്ചിരിക്കുന്നതായി കലാമേള ജനറൽ കൺവീനർ ശ്രീ ജുബിൻ ജോസെഫ് അറിയിച്ചു .

രണ്ടായിരത്തി ഒൻപതിലെ ബെസ്റ്റ് പ്രവാസി ഓർഗനൈസേഷൻ അവാർഡ് കരസ്ഥമാക്കിയ കേളി സ്വിറ്റ്സർലാൻ്റ് 25 വർഷങ്ങൾ പിന്നിടുമ്പോൾ 18 വർഷക്കാലമായ് നടത്തി വരുന്ന ഭാരതീയ കലകളുടെ മഹോൽസവമായ ഇൻ്റർനാഷണൽ കലാമേള അനേകം പ്രത്യേകതകളോടെ ജൂബിലിയുടെ നിറവിൽ അണിയറയിൽ അണിഞ്ഞൊരുങ്ങുന്നതായ് പ്രസിഡൻ്റ് ശ്രീ ടോമി വിരുത്തിയേൽ അറിയിച്ചു.

രജിസ്ട്രേഷൻ ആരംഭിക്കുന്നത് മുതൽ യൂറോപ്പിലെങ്ങും കലാമേളയുടെ ആരവം മുഴങ്ങിത്തുടങ്ങുന്നു. അനേകം കലാകാരന്മാരും കലാകാരികളും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ മഹോൽസവത്തിൽ താളമേളലയങ്ങൾക്കൊപ്പം ചുവട് വക്കുമ്പോൾ ആൽപ്സിൻ്റെ മണ്ണിൽ അരങ്ങുണരുകയായ്.

കലാസാംസ്കാരിക രംഗങ്ങളിലും ,ജീവകാരുണ്യ പ്രവർത്തനങ്ങളിലും തനതായ കൈയ്യൊപ്പു ചാർത്തിയ കേളി സ്വിറ്റ്സർലാൻ്റ് അതിൻ്റെ മഹത്തരമായ 25 വർഷങ്ങൾ പിന്നിട്ട് ജൂബിലിയുടെ സൂര്യതേജസ്സോടെ വിരാജിക്കുമ്പോൾ കലാമേളയുടെ വിജയത്തിനായ് ജനറൽ കൺവീനർ ജൂബിൻ ജോസഫിനൊപ്പം വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.

ഇന്ത്യൻ എംബസിയുടെ അനുഗ്രഹാശിസ്സുകളോടെയും, സൂര്യാ ഇന്ത്യയുടെ സഹകരണത്തോടെയും നടത്തപ്പെടുന്ന ഈ കലാ മാമാങ്കത്തിൻ്റെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായ് www.kalamela.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.