Association Cultural Entertainment Pravasi Switzerland

മനസിന്റെ പൂട്ടുകള്‍ തുറന്ന് മാന്ത്രികന്‍: സ്വിസ്സ് വേദിയെ കീഴടക്കി പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ഇൻസോംനിയ തീയറ്റർ ഷോ നവംബർ 18 നു സൂറിച്ചിൽ അരങ്ങേറി.

ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.സ്വിറ്റസർലണ്ടിലെ ആദിയുടെ സുഹൃത്തുക്കൾ നവംബർ 18 ന് സൂറിച്ചിലെ വെറ്‌സീക്കോണിൽ ഓർഗനൈസ് ചെയ്‌ത ഇൻസോംനിയ എന്ന ഷോ അക്ഷരാർത്ഥത്തിൽ പ്രേഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി .

മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. അനേക രാജ്യങ്ങളിൽ ഇതിനോടകം പരിപാടി അവതരിപ്പിച്ചിട്ടുള്ള ആദി സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ പ്രേക്ഷകനെ കൊണ്ടുവന്ന് അവരുടെ ചിന്തകൾ മനസിലാക്കുകയാണ് ഷോയിലൂടെ ചെയ്യുന്നത്. ആർട്ടും സയൻസും മാജിക്കും സൈക്കോളജിക്കൽ ട്രിക്കും എല്ലാമുൾപ്പെട്ട ഒരു ഷോ ആയിരുന്നു ഇൻസോംനിയ .

ലോകമെമ്പാടുമുള്ള വേദികളെ പുളകം കൊള്ളിച്ച മെന്റലിസ്റ്റ് ആദി സ്വിറ്റസർലണ്ടിലെ സൂറിച്ചിൽ ഒരുക്കിയ ആദ്യ വേദിയിൽ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. വേദിയില്‍ സൃഷ്ടിച്ചെടുക്കുന്ന അന്തരീക്ഷത്തില്‍ പ്രേക്ഷകനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നത് ഷോയുടെ ആകര്‍ഷണീയതയായി . എല്ലാം മറന്നിരിക്കുന്ന കാണികളെ അവരുടെ ചിന്തകള്‍ മനസിലാക്കി അവതരിപ്പിച്ചു . അദ്ഭുതകരവും അവിശ്വനീയവുമായ കാഴ്ച്ചകള്‍ കാണുന്ന കാണികള്‍ മതിമറന്നുപോയി . ആര്‍ട്ടും സയന്‍സും മാജിക്കും സൈക്കോളജിക്കല്‍ ട്രിക്കും എല്ലാം സമന്വയിപ്പിച്ച് മനോഹരമായ ദൃശ്യ-ശ്രാവ്യ വിരുന്ന് സമ്മാനിച്ചു ആദി ഷോ.

കാണികളെ വേദിയിലേക്ക് ക്ഷണിച്ച് അവരുടെ മനസറിഞ്ഞ് വിദ്യകള്‍ കാട്ടുന്നതായിരുന്നു ഷോയുടെ പ്രത്യേകത. വേദിയിലേക്ക് എത്താന്‍ കാണികള്‍ തമ്മില്‍ മത്സരിച്ചു. റൂബിക്‌സ് ക്യൂബ് പൂര്‍ത്തിയാക്കുക. മനസില്‍ വിചാരിക്കുന്ന വാക്കുകള്‍ പറയുക. മനസറിയുക എന്നതില്‍ തുടങ്ങി മറ്റൊരു സ്ഥലത്തുള്ള ആളുടെ മനസ് ഫോണ്‍ കോളിലൂടെ നിയന്ത്രിക്കുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ വരെ ഉൾപ്പെടുത്തിയ ഷോ സദസ്സിനെ അമ്പരപ്പിച്ചു.കാണികളുടെ ഉറക്കം കളയുന്ന ഷോ എന്നറിയപ്പെടുന്ന ഇൻസോംനിയ ശരിക്കും സ്വിറ്റസർലണ്ടിലെ കാണികളുടെ ഉറക്കവും കളയും എന്ന കാര്യം അവരുടെ നിറഞ്ഞ കരഘോഷം തെളിയിച്ചു.

രണ്ടു മണിക്കൂർ നീണ്ടുനിന്ന ഷോയിലുടെനീളം പ്രേഷകരുടെ കരഘോഷമായിരുന്നു …ഓരോ ട്രിക്കുകളും തെറ്റുകളില്ലാതെ അവതരിപ്പിച്ചുകൊണ്ട് മുന്നേറിയ ആദി പ്രേക്ഷകഹൃദയത്തിൽ ആദ്യംതന്നെ ഇടം നേടി … ഷോയുടെ വിജയം എന്നത് തികച്ചും ലളിതമായി ,ലവലേശം അരോചകമില്ലാതെയുള്ള ആദിയുടെ അവതരണമായിരുന്നു എന്നതിൽ സംശയമില്ല.രണ്ടുമണിക്കൂർ എങ്ങിനെ കഴിഞ്ഞുപോയി എന്നതായിരുന്നു വേദി വിടുമ്പോൾ ഉണ്ടായിരുന്ന പ്രേഷകചിന്ത.

Friends of Aathi

ഫ്രണ്ട്‌സ് ഓഫ് ആദി എന്നപേരിലുള്ള ആദിയുടെ ഒരുപറ്റം സുഹൃത്തുക്കളായ Vijay Viswam, Bindu Puthur Simon, Vinu Krishnankutty,Parvathy Kurup, Pradeep Thekkottil, Danny Kollaramalil, Mohanakrishnan, Rose Mony, Anup Chirayath,Rakesh Cherian എന്നിവരാണ് ഈ ഷോ സ്വിറ്റസർലണ്ടിൽ അരങ്ങേറ്റത്തെത്തിച്ചത് .സ്വിസ്സ് മലയാളികൾക്ക് വേറിട്ടൊരു ഷോ സമ്മാനിച്ച ഈ സുഹൃത്തുക്കൾ തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു ഒപ്പം സ്വിസ് മലയാളീ സമൂഹത്തിന്റെ മനസ്സ് കീഴടക്കിയ ആദിക്ക് നന്ദിയും അഭിനന്ദനങ്ങളും .

……..