Association Pravasi Switzerland

ഗ്ലേസിയർ എക്സ്പ്രസ് – സ്വിസ്സ് ആൽപ്സിൻറെ മനോഹാരിത നുകർന്ന് എട്ടുമണിക്കൂർ തീവണ്ടി യാത്ര – വിവരണവും വീഡിയോയും – ടോം കുളങ്ങര – വ്ലോഗർ -അടുപ്പും വെപ്പും

സ്വിറ്റ്സർലാൻഡിലെ Preda യ്ക്കും Bergün ഇടയിലുള്ള Albula Viaduct III ലൂടെ Engadin നിലെ മനോഹരമായ വാൽ ബെവറും കടന്ന് ലോകത്തിലെ ഏക പ്രകൃതിദത്ത ഐസ് ട്രാക്കായ ഒളിമ്പിയ ബോബ് റണ്ണും മറികടന്ന് പോകുന്ന ഗ്ലേസിയർ എക്സ്പ്രസ് ട്രെയിൻ യാത്രയിലുടനീളം തടസ്സങ്ങളില്ലാതെ സ്വിസ്സ് ആൽപ്സിന്റെ ഹൃദയഹാരിയായ കാഴ്ചകൾ ആവോളം ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് ധാരാളം അവസരം ലഭിക്കുന്നു.

ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ എക്‌സ്പ്രസ് ട്രെയിനുകളിൽ ഒന്നായിട്ടാണ് സ്വിറ്റ്സർലാൻഡിലെ ഗ്ലേസിയർ എക്‌സ്പ്രസ് അറിയപ്പെടുന്നത്. ഈ രാജ്യത്തെ പേരുകേട്ട രണ്ട് പർവ്വത വിനോദസഞ്ചാര മേഖലകളാണ് സെന്റ് മോറിറ്റ്‌സും, സെർമാറ്റും. ഈ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 291 കിലോമീറ്റർ റെയിൽ പാതയിലൂടെയാണ് ഗ്ലേസിയർ എക്സ്പ്രസിന്റെ സഞ്ചാരം. എട്ട് മണിക്കൂർ സമയമാണ് ഇത്രയും ദൂരം താണ്ടാൻ ഗ്ലേസിയർ എക്സ്പ്രസ് എടുക്കുന്നത്. മൊത്തം ട്രാക്കും മീറ്റർ ഗേജ് ആണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും നിയന്ത്രിക്കുന്നത് റാക്ക് ആൻഡ് പിനിയൻ സംവിധാനം ഉപയോഗിച്ചാണ്.

സ്വിസ് ആൽപ്‌സ് മദ്ധ്യേയുള്ള ഈ സഞ്ചാരം ഫുർക്ക ടണൽ പോലെയുള്ള 91 തുരങ്കങ്ങളിലൂടെയും, 291 പാലങ്ങളിലൂടേയും, ഒബറാൽപ്പിലെ 2,033 മീറ്റർ ഉയരത്തിലൂള്ള ചുരത്തിലൂടേയും ചെറുതും വലുതുമായ ഒട്ടനവധി മലയിടുക്കുകളിലൂടെയുമാണ് ഗ്ലേസിയർ എക്‌സ്പ്രസ് യാത്രയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്. 2008 ജൂലൈ 7 ന് ആൽബുല – ബെർണിന ലാൻഡ്‌സ്‌കേപ്പുകളിലെ റെയ്റ്റിഷ്യൻ റെയിൽവേ എന്നറിയപ്പെടുന്ന ഭാഗം ലോക പൈതൃക പട്ടികയിൽ ഇടം നേടി.

പ്രത്യേകം ക്ഷണിക്കപ്പെട്ട എഴുപത് അതിഥികളുമായി 1930 ജൂൺ 25ന് രാവിലെ 7.30ന് സെർമാറ്റിൽ നിന്ന് പുറപ്പെട്ട ആദ്യത്തെ ഗ്ലേസിയർ എക്സ്പ്രസ് സെന്റ് മോറിറ്റ്‌സിൽ എത്താൻ എടുത്തത് പതിനൊന്ന് മണിക്കൂറാണ്. ഫുർക്ക ചുരത്തിലേയും ഒബറാൽപ് പാസ്സിലേയും ശൈത്യകാലത്തെ കടുത്ത മഞ്ഞുവീഴ്ച കാരണം 1982 വരെ ഗ്ലേസിയർ എക്സ്പ്രസ് വേനൽക്കാലത്ത് മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. രണ്ടാം ലോകമഹായുദ്ധം മൂലം 1943 നും
1946 നും ഇടയിൽ ഗ്ലേസിയർ എക്സ്പ്രസിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു. 2017 മുതൽ ഗ്ലേസിയർ എക്സ്പ്രസ് ട്രെയിനിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത് ഗ്ലേസിയർ എക്‌സ്‌പ്രസ് AG യും, മുൻ നടത്തിപ്പുകാരുമായ മാറ്റർഹോൺ ഗൊത്താർഡ് ബാനും, റെയ്റ്റിഷ്യൻ റെയിൽവേയും സംയുക്തമായിട്ടാണ്.

2006-ൽ ആൽപ്സ് എന്ന ഡോക്യുമെന്ററിയുടെ ഏതാനും രംഗങ്ങൾ ഈ ട്രെയിനിനുള്ളിൽ വച്ചാണ് ചിത്രീകരിച്ചത്. പുതിയ പനോരമ ബോഗികൾ ഗ്ലേസിയർ എക്സ്പ്രസ്സിൽ കൂട്ടിച്ചേർക്കപ്പെട്ടതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. 2010 ജൂലൈ 23 ന് മാറ്റർഹോൺ ഗോത്താർഡ് ബാൻ ലൈനിൽ ഫീഷിനടുത്ത് ഗ്ലേസിയർ എക്സ്പ്രസ്സിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ഒരു യാത്രക്കാരൻ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗമാണ് അപകടം കാരണമായി പറയപ്പെടുന്നത്.

2018 മുതൽ സമ്മറിൽ രണ്ട് അധിക സർവീസുകൾ കൂടി ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒരു സർവീസ് സെർമാറ്റിൽ നിന്ന് കൂറിലേക്കും ഒരു സർവീസ് സെന്റ് മോറിറ്റ്‌സിൽ നിന്ന് ബ്രിഗിലേക്കും പുറപ്പെടുന്നു. ഈ സർവീസുകൾ ഉച്ചകഴിഞ്ഞ് തിരികെ പോകും. ജർമ്മനി, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വിനോദസഞ്ചാരികൾക്കിടയിൽ ഗ്ലേസിയർ എക്സ്പ്രസ് ഒരു ജനപ്രിയ തീവണ്ടിയാണ്.

1982-ൽ ഫുർക്ക ബേസ് ടണൽ തുറന്നതോടെ വർഷം മുഴുവനുമുള്ള പ്രവർത്തനം സാധ്യമായെങ്കിലും അതിനുശേഷം യാത്രക്കാർക്ക് പ്രശസ്തമായ റോൺ ഗ്ലേസിയർ കാണാനുള്ള അവസരം നഷ്ടമായി. പഴയ പർവ്വതപാത ഇപ്പോൾ ഫുർക്ക മൗണ്ടൻ റൂട്ട് സ്റ്റീം ട്രെയിനിന്റെ ഉടമസ്ഥതയിലാണ്. ഗ്ലേസിയർ എക്സ്ഗ്രസിന്റെ പുതിയ കോച്ചുകളിൽ, ജർമ്മൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജാപ്പനീസ്, ചൈനീസ്, ഇറ്റാലിയൻ എന്നീ ആറ് വ്യത്യസ്ത ഭാഷകളിൽ ഹെഡ്‌ഫോണുകൾ വഴി രസകരമായ യാത്രാവിവരണം യാത്രയിലുടനീളം ശ്രവിക്കാം.

ഗ്ലേസിയർ എക്സ്പ്രസിലെ എക്സ്ക്ലൂസ്സീവ് പ്രീമിയം കോച്ചുകളിൽ സുഖപ്രദമായ 20 ലോഞ്ച് സീറ്റുകളും ഒരു ഗ്ലേസിയർ ബാറും ഉണ്ട്. കോഫി, ജ്യൂസ്, ഷാംപെയ്ൻ, കോക്ടെയിലുകൾ എന്നിവയും ലഭിക്കും. ഓരോത്തരുടേയും അഭിരുചിക്ക് അനുസൃതമായി മുന്തിയ തരം വൈനുകളും രുചിക്കാം. പരിചയസമ്പന്നരായ ഒരു സംഘം റെയിൽവേ ജീവനക്കാർ ഓരോ യാത്രക്കാരന്റേയും ക്ഷേമം ഉറപ്പുവരുത്തുന്നതിൽ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്.ഐതിഹാസികമായ ഗ്ലേസിയർ എക്സ്പ്രസ് യാത്ര കണ്ണുകൾക്ക് മാത്രമല്ല രുചി മുകുളങ്ങൾക്കും ഒരുപോലെ ഉദ്ദീപിപ്പിക്കുന്ന ഗംഭീര വിരുന്നാണ്.

സെന്റ് മോറിറ്റ്സിനും സെർമാറ്റിനും ഇടയിലുള്ള ഗ്ലേസിയർ എക്സ്പ്രസ് റൂട്ടിൽ വിസ്മയകരമായ മലയിടുക്കുകൾ, കാട്ടുപൂഞ്ചോലകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, പരുക്കൻ ഹിമാനികൾ, സമൃദ്ധമായ ആൽപെൻ പുൽമേടുകൾ, ഇടതൂർന്ന വനങ്ങൾ എന്നിവ ഒരു സിനിമയിലെന്നപോലെ കൺമുന്നിലൂടെ കടന്നുപോകുന്നു. മനോഹരമായ ഈ കാഴ്ചകൾക്കൊപ്പം ആകർഷകമായ ഗ്ലേസിയർ എക്സ്പ്രസ് യാത്രയും യാത്രക്കാക്കാരുടെ ഓർമ്മയിൽ നിന്നും അത്ര പെട്ടെന്നൊന്നും മറയില്ല.