Pravasi Switzerland

സൗഹൃദം കൊണ്ട് ചരിത്രമെഴുതിയ ഡേവീസ് പുലിക്കോടന് സ്വിസ്സ് മലയാളീ സമൂഹത്തിന്റെ അശ്രുപൂജ.

ഇക്കഴിഞ്ഞ പതിനാറാം തിയതി നമ്മളിൽ നിന്നും അകാലത്തില്‍ വേർപിരിഞ്ഞ ഡേവീസ് പുലിക്കോടന് ആദരാഞ്ജലികളില്‍ പൊതിഞ്ഞ അശ്രുപൂജയര്‍പ്പിച്ച് സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകി ..

സൂറിച്ചിലെ ഡിയറ്റികൊൻ സെന്റ് അഗതാ ദേവാലയത്തിൽ ഇരുപത്തി ഒന്നാംതിയ്യതി ചൊവാഴ്ച്ച ഒരു മണിക്ക് നടന്ന പരിശുദ്ധ കുർബാനയ്ക്കുശേഷം മൂന്നുമണിക്ക് ഡിയറ്റിക്കൊൻ ഫ്രീഡ്‌ഹോഫിൽ നടന്ന അദ്ദേഹത്തിന്റെ വിടവാങ്ങൽ ചടങ്ങുകള്‍, സ്വിസ്സ് മലയാളികളുടെ പ്രവാസ ജീവിതത്തില്‍ സൗഹൃദം കൊണ്ട് ചരിത്രമെഴുതുകയായിരുന്നു. ബന്ധങ്ങളേപ്പോലെ തന്നെ വിലയേറുന്നതു സൗഹൃദങ്ങള്‍ക്കാണ് എന്ന് ഡേവീസ് തെളിയിച്ചു. സ്വിറ്റസർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നു ചേര്‍ന്ന സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ ഒന്നായി നിന്ന് പ്രിയ സുഹൃത്ത് ഡേവീസിനു അന്ത്യയാത്ര ചൊല്ലുന്ന നിമിഷം ഏവരുടെയും കണ്ണുകള്‍ ഈറനണിയിക്കുന്നതായിരുന്നു.

ഡിയറ്റികോണിലെ സെന്റ് അഗാത്ത ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ദിവ്യബലിയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. ദിവ്യബലിയിൽ ഫാദർ ആൻ്റണി കോലഞ്ചേരി മുഖ്യകാർമ്മീകത്വം വഹിച്ചു , ഫാദർ മാർട്ടിൻ പയ്യപ്പിള്ളി ,ഫാദർ സെബാസ്റ്റിയൻ തയ്യിൽ , ഫാദർ വർഗീസ് നടക്കൽ ഫാദർ തോമസ് പ്ലാപ്പള്ളിൽ ,ഫാദർ ബിനോയ്, ജർമനിയിൽ നിന്നെത്തിയ ഫാദർ നോബി എന്നീ വൈദികർ സഹകാർമികരായിരുന്നു .ദിവ്യബലിയിൽ ആമുഖപ്രസംഗവും ,അനുശോചനാ സന്ദേശവുമേകി കുടുംബാംഗളുടെ ദുഃഖത്തിൽ വൈദികർ പങ്കുചേർന്നു …പിതാവിന്റെ ഓർമ്മകൾ പങ്കുവെച്ചു കുടുംബാംഗങ്ങൾക്കുവേണ്ടി മകൻ ഫ്രഡിൻസ് പുലിക്കോടൻ കുർബാനമധ്യേ സ്വിസ്സ് മലയാളീ സമൂഹത്തിനും വൈദികർക്കും നന്ദിയേകി.

ദിവ്യബലിക്കുശേഷം ഡിയറ്റികോൺ ഫ്രീഡ്‌ഹോഫിൽ വിടവാങ്ങൽ ചടങ്ങുകൾ ആരംഭിച്ചു ,പൊതുദർശന ത്തിനുശേഷം കുടുംബാംഗളുടെ കണ്ണീരിൽ കുതിർന്ന യാത്രചൊല്ലൽ മറ്റുള്ളവരുടേയും കണ്ണുനീരണിയിച്ചു.പ്രിയ ഭർത്താവിന്റെ വിടവാങ്ങലിൽ മനമുഴറിയ സിൻസിക്കും മക്കൾ ഫ്രഡിൻസിനും ,ഫ്രൻസീനക്കും ,നീതുവിനും ,സഹോദരി ബീനാ പെല്ലിശേരിക്കും ആശ്വാസമേകി മറ്റു ബന്ധുമിത്രാദികൾ കൂടെനിന്നു..കഴിഞ്ഞ പതിനെട്ടാം തിയതിയും ,പത്തൊൻപതാം തിയതിയും ആദരാഞ്‌ജലികൾ അർപ്പിക്കുവാൻ സുഹൃത്തുക്കൾക്കും ബന്ധുമിത്രദികൾക്കും അവസരമൊരുക്കിയിരുന്നു .

നല്ലൊരു കലാസ്വാദകനായിരുന്ന ഡേവീസ് സ്വിറ്റസർലണ്ടിലെ എല്ലാ മലയാളീ സംഘടനകളുടെ പ്രോഗ്രാമുകളിലും പാട്ടും ഡാൻസുമായി നിറസാന്നിധ്യമായിരുന്നു …സുഹൃത്തിന്റെ വിയോഗത്തിൽ അന്ത്യാജ്ഞലി അർപ്പിക്കുവാൻ സ്വിറ്റസർലണ്ടിലെ എല്ലാ സംഘടനാ ഭാരവാഹികളും സന്നിഹിതരായിരുന്നു.ഡേവീസ് ജോലി ചെയ്തിരുന്ന ലിൻഡ് കമ്പനിയിൽ നിന്നും സഹപ്രവർത്തകരൊന്നാകെ പ്രിയ സുഹൃത്തിനു അന്ത്യഞ്ജലി അർപ്പിക്കുവാൻ എത്തിയിരുന്നു . .

ഹൃദ്യവും മാന്യതയും നിസ്വാർത്ഥതയും മുഖമുദ്രയാക്കിയുള്ള പെരുമാറ്റവും കളങ്കരഹിതമായ സ്നേഹസൗഹൃദവും കൊണ്ട് ഡേവീസ് സ്വിസ്സ്‌ മലയാളികൾക്കിടയിൽ വലിയൊരു സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു. എവിടേയും സർവാൽമനാ സ്വീകാര്യനായിരുന്ന ഡേവീസിന്റെ തീക്ഷ്ണമായ ജ്വലിയ്ക്കുന്ന ഓർമ്മകൾക്കു മുന്പിൽ സ്വിസ്സ്‌ മലയാളി സമൂഹം കണ്ണിരോടെയാണ് പ്രണാമം അർപ്പിച്ചത്….

Photos By Joji Moonjely