Kerala Pravasi

നിധിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ആതിര ചികിത്സയിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും

ആശുപത്രി അധികൃതർ അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിധിന്‍റെ മരണ വിവരം ഇന്നലെ വൈകീട്ടോടെ അതിരയെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിൻ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്.

പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് സാധ്യത. ആശുപത്രി അധികൃതർ അതിന് അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിധിന്‍റെ മരണ വിവരം ഇന്നലെ വൈകീട്ടോടെ അതിരയെ അറിയിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് നല്‍കിയത്. ടിക്കറ്റ് സ്വീകരിച്ച ആതിരയും നിധിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചു. രണ്ടു പേര്‍ക്ക് ടിക്കറ്റിനുള്ള പണവും അവര്‍ പകരം നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്‍റെ മകനാണ് നിതിൻ. കേ​ര​ള ബ്ല​ഡ് ഗ്രൂ​പ്പി​ന്‍റ യു​.എ​.ഇ​യി​ലെ കോ​ര്‍​ഡി​നേ​റ്റ​റും കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഇ​ൻ​കാ​സ് യൂ​ത്ത് വിംഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നുമായിരുന്നു നിധിന്‍.