Europe Pravasi Switzerland

യശ്ശശരീരനായ മാണിസാറിന് സ്വിസ്സ് മലയാളീ സമൂഹത്തിൻറെ സ്‌മരണാഞ്ജലി… വെള്ളിയാഴ്ച സൂറിച്ചിൽ നടന്നു .

കേരള രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്ന അതിപ്രഗൽഭനായ ഒരു പാർലമെന്റേറിയൻ എന്നതിലുപരി,അധ്വാനവർഗ്ഗ സിദ്ധാന്തത്തിനും,കർഷകരുടെ ഉന്നമനത്തിനും വേണ്ടി ശക്തമായി നിലകൊണ്ട, കറതീർന്ന മനുഷ്യസ്നേഹിയായിരുന്ന ശ്രീ. കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട്, ജനാധിപത്യ വിശ്വാസികളായ സ്വിസ് മലയാളികളുടെ നേതൃത്വത്തിൽ, സോളികോൺ ഗമൈന്റെ ഹാളിൽ വച്ച് വെള്ളിയാഴ്ച അനുസ്മരണയോഗം സംഘടിപ്പിച്ചു…

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡണ്ട് ശ്രീ ജോയി കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് സ്വിറ്റ്സർലൻഡിലെ വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ശ്രീ ബാബു വേതാനിയുടെ ആമുഖ സ്വാഗത പ്രസംഗത്തോടെ യോഗം സമാരംഭിച്ചു.

രാഷ്ട്രീയം എന്നതുപോലെതന്നെ സ്വന്തം കുടുംബത്തെയും ചേർത്തുപിടിച്ച , തൻറെ പാലായെ ആത്മാവിനെപ്പോലെ സ്നേഹിച്ച, മാണി സാർ എന്ന മനുഷ്യസ്നേഹിയെ തൻറെ അധ്യക്ഷ പ്രസംഗത്തിലൂടെ ശ്രീ ജോയി കൊച്ചാട്ട് സദസ്സിനു വരച്ചുകാട്ടി.അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന ശ്രീ കെ എം മാണിയുടെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിൻറെ ഒരു നേർക്കാഴ്ചയായിരുന്നു ശ്രീ ജയിംസ് തെക്കേമുറി തൻറെ അനുശോചന പ്രമേയത്തിലൂടെ സദസ്സിനു സമ്മാനിച്ചത്.

മാണി സാറുമായി ഉണ്ടായിരുന്ന ആത്മബന്ധവും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച സത്യസന്ധതയും തൻറെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ശ്രീ ജോജോ വിച്ചാട്ട് വിവരിച്ചു. പ്രവാസികളോട് ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ കരുതൽ ഇംഗ്ലണ്ടിലെ നേഴ്സുമാരുടെ വിഷയത്തിൽ അദ്ദേഹം ഇടപെട്ട അനുഭവം മുൻനിർത്തി ശ്രീ വിൻസൻറ് പറയന്നിലം അനുസ്മരിച്ചു.

രാഷ്ട്രീയ വിവാദങ്ങളുടെ കൊടുങ്കാറ്റിലും വീഴാതെ നിന്ന വൻ മരമായിരുന്നു ശ്രീ കെ എം മാണി എന്ന് ശ്രീ പ്രിൻസ് കർത്രുകുടിയിൽ തൻറെ അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി.മാണി സാറിൻറെ വിയോഗം രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും, അദ്ദേഹത്തിൻറെ ഓർമ്മകൾ മലയാളിയുടെ കാലത്തിനൊപ്പം സഞ്ചരിക്കും എന്നും ശ്രീ .റോബിൻ തുരുത്തിപ്പള്ളി തൻറെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

അയൽവാസിയും പിതൃതുല്യമായ കെഎം മാണി എന്ന പച്ച മനുഷ്യനിൽനിന്ന് കുട്ടിക്കാലത്ത് അനുഭവിച്ച സ്നേഹവും കരുതലും ശ്രീ ജിജി മാധവത്ത് സദസ്യരും ആയി പങ്കുവച്ചു.പ്രായത്തെ അതിജീവിച്ച ഊർജ്ജസ്വലത യുള്ള നേതാവായിരുന്നു ശ്രീ കെ എം മാണി എന്ന് ശ്രീ ടോമി വിരുതിയേൽ തൻറെ കൃതജ്ഞത പ്രസംഗത്തിൽ അനുസ്മരിച്ചു…