Movies

‘ഉണ്ട’യില്‍ മമ്മൂട്ടിക്കൊപ്പം കാക്കിയണിഞ്ഞ് രഞ്ജിത്ത്

മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്ത്. ഹര്‍ഷാദ് എഴുതി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യിലാണ് മമ്മൂട്ടിക്കൊപ്പം രഞ്ജിത്തിനും പൊലീസ് കഥാപാത്രമായെത്തുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി ആണ് മമ്മൂട്ടി കഥാപാത്രം.

എന്നാല്‍, മമ്മൂട്ടി കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായ സി.ഐ മാത്യൂസ് ആന്റണിയായാണ് രഞ്ജിത്ത് സ്‌ക്രീനിലെത്തുന്നത്. രഞ്ജിത്തിന്‍റെ ചിത്രത്തിലെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നേരത്തേ ഗുല്‍മോഹന്‍, അന്നയും റസൂലും, കൂടെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയിട്ടുണ്ട് രഞ്ജിത്ത്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമാണ് അദ്ദേഹം.

ഹര്‍ഷാദിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയത്. അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അലന്‍സിയര്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഇതിനോടകം പുറത്തെത്തിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.