International

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ശ്രീലങ്കന്‍ അധികൃതര്‍ നടത്തിയിട്ടില്ല. നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന വിഘടനവാദി സംഘടനയുമായി ബന്ധമുള്ള 40 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. അതേസമയം ന്യൂസിലാന്‍ഡില്‍ മുസ്‍ലിം പള്ളിയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ശ്രീലങ്കന്‍ അഭ്യന്തര മന്ത്രി റുവാന്‍ വിജേവര്‍ദ്ധനെ പാര്‍ലമെന്റില്‍ പറഞ്ഞു.

വാര്‍ത്താ കുറിപ്പിലൂടെയാണ് ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തത്. ആക്രമണം നടത്തിയവര്‍ എന്ന് അവകാശപ്പെട്ട് 8 പേര്‍ അടങ്ങിയ ചിത്രവും ഐ.എസ് പുറത്തുവിട്ടു. എന്നാല്‍ സ്ഫോടനത്തിന് പിന്നില്‍ ഐ.എസ് ഉണ്ടെന്ന് ശ്രീലങ്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ള 40 ശ്രീലങ്കന്‍ പൌരന്‍മാരാണ് അറസ്റ്റിലായിട്ടുള്ളത്. രാജ്യത്തിന് പുറത്ത് പരിശീലനം ലഭിച്ചവരാണ് സ്ഫോടനത്തിന് പിന്നിലെന്നും. സ്ഫോടനത്തിന് പിന്നില്‍ ഐ.എസ് ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇസ്‍ലാമിക് സ്റ്റേറ്റ് അവകാശവാദം ഉന്നയിക്കുന്നെങ്കില്‍ അത് പരിശോധിക്കും. ആക്രമണത്തിന് പിന്നില്‍ ഐ. എസ് ബന്ധമുണ്ടെന്ന് ചില സംശയങ്ങളുണ്ട്

ന്യൂസിലാന്‍ഡില്‍ മുസ്‍ലിം പള്ളിയില്‍ ക്രിസ്ത്യന്‍ തീവ്രവാദി നടത്തിയ കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടയില്‍ ബോംബാക്രമണം നടന്നതെന്ന് ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രി റുവാന്‍ വിജേവര്‍ദ്ധനെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. എന്നാല്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്താനുള്ള തെളിവുകള്‍ അദ്ദേഹം നല്‍കിയിട്ടില്ല. സ്ഫോടന പരമ്പരയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 321 ആയി.