International

ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ മരിച്ചത് 253 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയില്‍ മരിച്ചത് 253 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 359 പേർ മരിച്ചെന്ന് സ്ഥിരീകരിച്ചത് കണക്കുകളിലുണ്ടായ പിഴവാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു കരുതുന്ന 70 ഓളം പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട് .ഏഴ് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമാണ് ആരോഗ്യമന്ത്രാലയം നടത്തിയത്. പള്ളികളിലുണ്ടായ സ്ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നും നൂറിലധികം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ കൂടുതലും ശ്രീലങ്കയില്‍ നിന്നുള്ളവരാണെന്നും വിദേശത്തു നിന്നുള്ളവര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

359 പേർ മരിച്ചെന്ന് സ്ഥിരീകരിച്ചത് കണക്കുകളിലുണ്ടായ പിഴവാണെന്നും അധികൃതര്‍ പറഞ്ഞു.സ്ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തെന്നു കരുതുന്ന 70 ഓളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏഴ് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. അതിനിടെ ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍നാഡോ രാജിവെച്ചു. എന്നാല്‍ തന്റെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നലെ കൊളംബോയ്ക്ക് സമീപം പുഗാഡോ കോടതിക്കടുത്തായി സ്ഫോടന വസ്തുക്കൾ പൊട്ടിത്തെറിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആളപയാമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.