International

അമേരിക്കയില്‍ സമരക്കാര്‍ക്ക് നേരെ കാറോടിച്ച് കയറ്റി, വെടിവെച്ചു

സമരക്കാര്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റുന്നത് തടയാന്‍ ശ്രമിച്ച ഡാനിയേല്‍ എന്ന 26കാരനാണ് കൈക്ക് വെടിയേറ്റത്…

അമേരിക്കയിലെ സിയാറ്റിലില്‍ വംശീയ വിരുദ്ധ സമരക്കാര്‍ക്കിടയിലേക്ക് അക്രമി കാറോടിച്ച് കയറ്റി. സമരക്കാര്‍ക്ക് നേരെ ഇയാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് ഒരാള്‍ക്ക് പരിക്കേറ്റു. വെടിയേറ്റ യുവാവിന്റെ നില തൃപ്തികരമാണെന്ന് സിയാറ്റില്‍ പൊലീസ് അറിയിച്ചു.

പ്രാദേശിക സമയം ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് സിയാറ്റില്‍ പൊലീസിന്റെ കിഴക്കന്‍ കാര്യാലയത്തിനടുത്ത് വെച്ച് സംഭവമുണ്ടായത്. കറുത്ത കാറിലെത്തിയ അക്രമി സമരക്കാര്‍ക്കു നേരെ കാറോടിച്ചുകയറ്റുകയായിരുന്നു. ഇതിനിടെ ഡാനിയേല്‍ എന്ന യുവാവ് അക്രമിയെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വെടിയേറ്റത്. തുടര്‍ന്ന് കൈത്തോക്കുമായി കാറില്‍ നിന്നിറങ്ങിയ ഇയാള്‍ സമരക്കാര്‍ക്കിടയിലേക്ക് നടന്ന് നേരെ പൊലീസില്‍ പിടികൊടുക്കുകയായിരുന്നു.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന വംശീയതക്കെതിരായ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഈ സംഭവം. ഡാനിയേല്‍ എന്ന 26കാരനാണ് കൈക്ക് വെടിയേറ്റത്. അഗ്നിശമനസേനാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് സിയാറ്റില്‍ പൊലീസ് അറിയിക്കുന്നത്.

സമരക്കാര്‍ക്കിടയിലേക്ക് വന്ന കാറിലുണ്ടായിരുന്നയാളുടെ മുഖത്ത് ഇടിച്ചതായി ഡാനിയേല്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അതിന് പിന്നാലെയാണ് വെടിവെച്ചതെന്നാണ് പൊലീസ് ഭാഷ്യം.

അക്രമി സമരക്കാര്‍ക്ക് നേരെ കാറോടിച്ച് കയറ്റുന്നതിന്റേയും വെടിയേറ്റ ഡാനിയേലിനെ കൊണ്ടുപോകുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.