ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.
കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു.
വുഹാൻ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന യാങ്സി നദി കരകവിഞ്ഞൊഴുകുകയാണ്. വുഹാന് 368 കിലോമീറ്റർ അകലെയുള്ള മൂന്നു വലിയ അണക്കെട്ടുകൾ മുന്നൊരുക്കമില്ലാതെ തുറന്നതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചു. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ യാങ്സി നദിക്കു സമീപമുള്ള നഗരങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. മധ്യ ചൈനയിലെ നഗരങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 98 നദികളുടെ തീരപ്രദേശങ്ങളും വെള്ളത്തിലാണുള്ളത്. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമായതോടെ ആയിരക്കണക്കിനു വീടുകളും റോഡുകളും തകർന്നു.
1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയില്‍ ഇപ്പോള്‍ ലഭിക്കുന്നത്. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലേക്ക് വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം എത്താനിരിക്കെയാണ് പ്രളയം ദുരന്തം സൃഷ്ടിച്ചിരിക്കുന്നത്.