Kerala

‘വധഭീഷണി ഉണ്ടായിരുന്നു’: യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ ഗണ്‍മാന്‍ മജിസ്ട്രേറ്റിനോട്

ജയഘോഷിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും.

യുഎഇ കോൺസുല്‍ ജനറലിന്റെ ഗൺമാൻ എസ് ആർ ജയഘോഷിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. വധഭീഷണി ഉണ്ടായിരുന്നെന്ന് ജയഘോഷ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ജയഘോഷിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും. ഇയാൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷ് നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കസ്റ്റംസിന്റെ പ്രാഥമിക പട്ടികയിൽ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ പേര് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഉടലെടുത്ത ഇയാളുടെ തിരോധാനവും പിന്നീടുണ്ടായ ആത്മഹത്യാ ശ്രമവും കസ്റ്റംസിനെ ചിന്തിപ്പിച്ചു. മൂന്ന് വർഷമായി കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഇയാൾ സ്വപ്ന സുരേഷിന്റെ വിശ്വസ്തൻ കൂടിയായിരുന്നു. ഐ.ടി വകുപ്പിൽ നിയമിക്കുന്നതിന് മുമ്പ് സ്വപ്നയെ കുറിച്ച് ചോദിച്ചറിയാൻ എത്തിയ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സംഘവുമായി ജയഘോഷ് സഹകരിച്ചില്ല. അന്നു മുതൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

മൂന്ന് മാസം മുമ്പ് കോൺസുൽ ജനറൽ യുഎഇയിലേക്ക് മടങ്ങിയെങ്കിലും ജയഘോഷ് തിരികെ എആർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തില്ല. പകരം അടുത്ത ചുമതലയുള്ള അറ്റാഷെയുടെ ഒപ്പമായി. അറ്റാഷെയും സ്ഥലം വിട്ടതോടെ തനിക്ക് നേരെയും അന്വേഷണമുണ്ടാകുമെന്ന് ജയഘോഷ് പരിഭ്രമിച്ചിരുന്നു. വധഭീഷണിയുണ്ടെന്ന ഇയാളുടെ പരാതി പോലീസ് മുഖവിലക്കെടുത്തിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞാലുടൻ കസ്റ്റംസ് ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്ത് മുൻ ഐബി ഉദ്യോഗസ്ഥൻ നാഗരാജും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.