International

താമസകാലാവധി കഴിഞ്ഞവർക്കും സന്ദർശകർക്കും മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നൽകി കുവൈത്ത്

കുവൈത്തിൽ താമസകാലാവധി കഴിഞ്ഞവർക്കും സന്ദർശകർക്കും മൂന്നു മാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. ആഗസ്റ്റ് 31 നു വിസാ കാലാവധി കഴിയുന്നവർക്കാണ് മൂന്നുമാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെയും രണ്ടു തവണ സ്വാഭാവിക എക്സ്റ്റൻഷൻ അനുവദിച്ചിരുന്നു

ആഗസ്റ്റ് 31 നു വിസ-ഇഖാമ കാലാവധി അവസാനിക്കുന്ന രാജ്യത്തുള്ള വിദേശികൾക്ക് നംവബർ 30 വരെ വിസ കാലാവധി നീട്ടിനൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി അൽ അൽ റായി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട് ചെയ്തു . നേരത്തെ മാർച്ച് ഒന്നുമുതൽ രണ്ട് ഘട്ടങ്ങളിലായി ആറു മാസത്തേക്ക് വിസ കാലാവധി നീട്ടി നൽകിയിരുന്നു. പ്രത്യേക അപേക്ഷ നൽകാതെ തന്നെ സ്വാഭാവിക എക്സ്റ്റൻഷൻ നൽകുന്ന സംവിധാനമായിരുന്നു നടപ്പാക്കിയിരുന്നത്. ഈ കാലാവധി ആഗസ്റ്റ് 31 നു അവസാനിക്കാനിരിക്കെയാണ് ആശ്വാസകരമായ വാർത്ത വന്നിരിക്കുന്നത്.

വിസ പുതുക്കാൻ താമസ കാര്യാലയത്തിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് തിരക്കിനിടയാക്കുമെന്നതും വിവിധ രാജ്യങ്ങളിലേക്ക് വ്യോമഗതാഗത വിലക്ക് നിലനിൽക്കുന്നതും മറ്റും പരിഗണിച്ചാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അതേസമയം,ഇത് സംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വന്നിട്ടില്ല . സന്ദർശന വിസയിൽ എത്തിയവർ ആഗസ്റ്റ് 31 നു മുൻപ് രാജ്യം വിടണമെന്നും അല്ലാത്തപക്ഷം പിഴ സെപ്റ്റംബർ ഒന്നു മുതൽ രാജ്യത്തു തങ്ങുന്ന ഓരോ ദിവസത്തിനും പിഴ ഒടുക്കേണ്ടി വരുമെന്നും കഴിഞ്ഞ ആഴ്ച താമസകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അനുവദിച്ച കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് മാസത്തേക്ക് കൂടി സ്വാഭാവിക എക്സ്റ്റൻഷൻ അനുവദിക്കാൻ തീരുമാനമായതായി വാർത്ത വന്നിരിക്കുന്നത്