International

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ച് തമിഴ്‍നാട്ടുകാരി കമല

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജ കമല ഹാരിസ്. ഒരു വനിത അമേരിക്കയുടെ വൈസ് പ്രസിഡന്‍റാകുന്നത് ഇതാദ്യമാണ്. അമേരിക്കയിലേക്ക് കുടിയേറിയ തമിഴ്‍നാട്ടുകാരി . ഡോ.ശ്യാമളയാണ് കമലയുടെ അമ്മ. ഒരു പക്ഷേ കമല അമേരിക്കയുടെ അടുത്ത പ്രസിഡന്‍റാകാനും സാധ്യതയേറുകയാണ്.

ബൈഡൻ പറഞ്ഞപോലെ സ്ത്രീകള്‍ വോട്ടവകാശത്തിന് പോരാട്ടം നടത്തിയ ഒരു രാജ്യത്ത് ഒരു വനിത വൈസ് പ്രസിഡന്‍റായി അധികാരമേറ്റിരിക്കുന്നു. അമേരിക്കയില്‍ ഒരു പ്രധാന പാര്‍ട്ടിക്കു കീഴില്‍ ഒരു ഏഷ്യന്‍ വംശജയെ വൈസ് പ്രസിഡന്‍റ് പദത്തിന് നോമിനേറ്റ് ചെയ്യുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. ആ ധൈര്യം കാണിച്ചത് ജോ ബൈഡനാണ്. തീരുമാനം ശരിയായിരുന്നുവെന്ന് ഫലം തെളിയിച്ചു. ജോർജ് ഫ്ളോയ്ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ കറുത്ത വർഗക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും സാന്ത്വനമായി കമലയുടെ സ്ഥാനാർഥിത്വം. ബൈഡന്‍റെ പ്രചാരണത്തിന് ചൂടു പകർന്നതും കമലയുടെ വരവാണ്.

അഭിഭാഷകയും കാലിഫോര്‍ണിയയിലെ സെനറ്ററുമായിരുന്നു കമലാ ഹാരിസ്. കമലയുടെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ ജമൈക്കക്കാരനുമാണ്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന പി.വി ഗോപാലന്‍റെ മകളായിരുന്നു ഡോ. ശ്യാമള . 1957ലാണ് ഡോ. ശ്യാമള ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. 1964 ല്‍ കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡിലായിരുന്നു കമലാഹരിസിന്‍റെ ജനനം, വാഷിങ്ടണിലെ ഹോവാഡ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. 2010ല്‍ കാലിഫോര്‍ണിയയുടെ അറ്റോണി ജനറലായി. സെനറ്റിലെത്തിയത് 2017ൽ.

78 വയസ്സുള്ള ജോ ബൈഡൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ല. അതിനാൽ 2024ലെ തെരഞ്ഞെടുപ്പിൽ കമല ഹാരിസ് മത്സരിക്കാൻ സാധ്യതയേറെയാണ്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലും പ്രസിഡന്‍റാകാനുള്ള പ്രാഥമിക മത്സരത്തിൽ കമലയുണ്ടായിരുന്നു. സാഹചര്യങ്ങളും ഭാഗ്യങ്ങളും തുണച്ചാൽ 2024ലർ കമലക്ക് അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്‍റാകാം. അതിന് ബൈഡന്‍റെ കീഴിലുള്ള ഈ നാല് വർഷത്തെ പ്രവർത്തനങ്ങൾ നിർണായകമാകും.