International

ഗൂഗിളിന് പിന്നാലെ ബൈഡന്‍റെ കുടിയേറ്റ നയത്തെ പുകഴ്ത്തി ആപ്പിളും

ഗൂഗിളിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി.

കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. നീതി, ന്യായബോധം, തുടങ്ങി അമേരിക്കൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സമ​ഗ്ര കുടിയേറ്റ പരിഷ്കരണം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനം സ്വാ​ഗതം ചെയ്യുന്നുവെന്നാണ് ടിം കുക്ക് പറഞ്ഞത്.

മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി നീക്കം ചെയ്യാനുള്ള ബില്‍ ബൈഡന്‍ താമസിയാതെ കോണ്‍ഗ്രസിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫെഷണലുകള്‍ക്കടക്കം പുതിയ നയങ്ങള്‍ പ്രയോജനം ചെയ്യും.