International

അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതം സാധ്യമല്ല, കോവിഡ് വ്യാപനം രൂക്ഷമാകും: ലോകാരോഗ്യ സംഘടന

വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ രോഗബാധ വളരെ ഉയര്‍ന്നതാണ്. ഇത് ആശങ്കാജനകമാണ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. ശരിയായ പ്രതിരോധ നടപടികള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ ലോകം മഹാമാരിയുടെ പിടിയിലമരും. വിവിധ രാജ്യങ്ങളിലെ നേതാക്കളില്‍ പലരും അവരിലുളള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുളള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ആരുടെയും പേരെടുത്ത് പറയാതെ ഡബ്ല്യുഎച്ച്ഒ മേധാവി വിമര്‍ശിച്ചു.

അതിനിടെ കൊറോണയുടെ ഉറവിടം കണ്ടെത്താന്‍ ഡബ്ല്യുഎച്ച്ഒ പ്രതിനിധികള്‍ ചൈനയിലേക്ക് പോയി. വുഹാനിലാണ് കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിന് അനുമതി നല്‍കാന്‍ ചൈന ആദ്യം വിസമ്മതിച്ചു. ചൈനയോടുള്ള നിലപാട് പക്ഷപാതപരമാണെന്ന് ആരോപിച്ച് അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുകയും ചെയ്തു. ലോകരാജ്യങ്ങളുട സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ചൈന അനുമതി നല്‍കിയത്.

അതിനിടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കവിഞ്ഞു. പ്രസിഡന്റ് തന്നെ രോഗബാധിതനായ ബ്രസീലിലാണ് ഇപ്പോഴും കോവിഡ് ഭീതിദമായ രീതിയില്‍ പടരുന്നത്. ഇന്നലെ മാത്രം 72000ത്തിലധികം പേര്‍ക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചു. 770 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ബ്രസീലിലെ ആകെ മരണ സംഖ്യ 72,921ഉം രോഗബാധിതരുടെ എണ്ണം 1887959ഉം ആയി. ഇന്നലെ 429 പേര്‍ മരിച്ച അമേരിക്കയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 138000 കവിഞ്ഞു. 63000 പേര്‍ക്കാണ് ഇന്നലെ മാത്രം അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

മെക്സിക്കോയില്‍ പ്രമുഖ സിനിമാ താരം റേയ്മുന്‍ഡോ കാപ്പെറ്റിലോ കോവിഡ് ബാധിച്ച് മരിച്ചു. 76 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം തിങ്കളാഴ്ചയാണ് മരിച്ചത്. രോഗം ഏറെക്കുറെ നിയന്ത്രണവിധേയമായ ബ്രിട്ടണില്‍ സർക്കാര്‍ പ്രഖ്യാപിച്ച കൂടുതല്‍ ലോക്ക്ഡൌൺ ഇളവുകള്‍ പ്രാബല്യത്തിലായി. ബ്യൂട്ടി പാര്‍ലര്‍, ടാറ്റൂ സെന്റര്‍, സ്പാ സെന്റര്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്നലെ 11 പേരാണ് ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചത്.